അറസ്റ്റ് ഭയന്ന് നാലാം നിലയില്‍ നിന്ന് വന്ദേമാതരം വിളിച്ച് താഴേക്ക് ചാടി; മോഷ്ടാവിന് ദാരുണാന്ത്യം

അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയന്ന് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും താഴേക്ക് ചാടിയ മോഷ്ടാവിന് ദാരുണാന്ത്യം. മുംബൈയിലെ കൊളാബയിലെ ചര്‍ച്ച്ഗേറ്റിലുള്ള ബഹുനില കെട്ടിടത്തിലാണ് സംഭവം നടന്നത്. കെട്ടിടത്തിനുള്ളില്‍ ഒരാള്‍ അതിക്രമിച്ച് കയറിയെന്ന് വിവരം ലഭിച്ചയുടന്‍ പൊലീസെത്തുകയും പൊലീസിനെ കണ്ട് ഭയന്ന് മോഷ്ടാവ് താഴേക്ക് ചാടുകയുമായിരുന്നു. വന്ദേമാതരം വിളിച്ചാണ് ഇയാള്‍ താഴേക്ക് ചാടിയത്.

വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടന്‍ തന്നെ അടുത്തുള്ള ജെ ജെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് 25 കാരനായ മോഷ്ടാവ് കെട്ടിട സമുച്ചയത്തില്‍ നിന്നും താഴേക്ക് ചാടിയത്. ചികിത്സയ്ക്കിടെ ശനിയാഴ്ച വൈകിട്ടാണ് ഇയാള്‍ മരണത്തിന് കീഴടങ്ങിയത്.

കെട്ടിട സമുച്ചയത്തില്‍ ഒരാള്‍ അതിക്രമിച്ച് കയറിയെന്ന് വിവരം ലഭിച്ചയുടന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ എല്ലാവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കുകയും മോഷ്ടാവ് എവിടെയാണെന്ന് കണ്ടെത്തുകയുമായിരുന്നു. പിന്നീടാണ് പൊലീസ് സ്ഥലത്തെത്തുന്നത്.

കെട്ടിടത്തില്‍ താമസിക്കുന്നവരും സെക്യൂരിറ്റി ജീവനക്കാരും പൊലീസുകാരും വളഞ്ഞതോടെ ഓടി രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗമില്ലാതെ വന്നപ്പോഴാണ് അറസ്റ്റ് ഭയന്ന് വന്ദേമാതരം ചൊല്ലി ഇയാള്‍ താഴേക്ക് ചാടിയത്.

Exit mobile version