സങ്കുചിതാശയങ്ങളുടെ അതിര്‍വരമ്പുകള്‍ മായ്ച്ച് പുഞ്ചിരിക്കാന്‍ സാധിക്കട്ടെ; ബലിപെരുന്നാള്‍ ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന് ഓര്‍മിപ്പിക്കുന്ന ദിനമാണ് ബലിപെരുന്നാള്‍. സമൃദ്ധവും സമത്വസുന്ദരവുമായ നാളേയ്ക്ക് വേണ്ടി ഒരുമിച്ച് നില്‍ക്കാന്‍ ഈ ആഘോഷം പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി ബലിപെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ബലിപെരുന്നാള്‍ ആശംസ:

മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന് ഓര്‍മിപ്പിക്കുന്ന ദിനമാണ് ബലി പെരുന്നാള്‍. സ്വന്തം സുഖസന്തോഷങ്ങള്‍ ഉപേക്ഷിച്ച് മറ്റുള്ളവന്റെ നന്മയ്ക്കായി ആത്മാര്‍പ്പണം ചെയ്ത മനുഷ്യരുടെ ത്യാഗമാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന സന്ദേശമാണ് ഈ ദിനം പകരുന്നത്. അതുള്‍ക്കൊള്ളാനും പങ്കുവയ്ക്കാനും ആ വിധം ബലി പെരുന്നാള്‍ ആഘോഷം സാര്‍ത്ഥകമാക്കാനും ഏവര്‍ക്കും സാധിക്കണം.

ഒത്തു ചേരാനും സാഹോദര്യത്തിന്റെ മാധുര്യം നുണയാനുമുള്ള ഒരു അവസരം കൂടിയായി ഈ സുദിനം മാറട്ടെ. മനുഷ്യരെ പല കള്ളികളിലാക്കുന്ന സങ്കുചിതാശയങ്ങളുടെ അതിര്‍വരമ്പുകള്‍ മായ്ച്ച് സന്തോഷം പരസ്പരം പങ്കുവയ്ക്കാനും വേദനകള്‍ മറന്ന് പുഞ്ചിരിക്കാനും ഏവര്‍ക്കും സാധിക്കട്ടെ. സമൃദ്ധവും സമത്വസുന്ദരവുമായ നാളേയ്ക്ക് വേണ്ടി ഒരുമിച്ച് നില്‍ക്കാന്‍ ഈ ആഘോഷം പ്രചോദനമാകട്ടെ. ഏവര്‍ക്കും ഹൃദയപൂര്‍വ്വം ബലി പെരുന്നാള്‍ നേരുന്നു.

 

Exit mobile version