അമര്‍നാഥ് മേഘവിസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി; 40 പേരെ കാണാനില്ല

അമര്‍നാഥ് ഗുഹയ്ക്ക് സമീപമുണ്ടായ മേഘസ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. 65ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 45ലധികം പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. രാവിലെ മുതല്‍ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി. ഐടിബിപി, എന്‍ഡിആര്‍എഫ് ടീമുകള്‍ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു.

വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്ററുകള്‍ ശ്രീനഗറില്‍ നിന്ന് അമര്‍നാഥിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രാവിലെ മുതല്‍ വിമാനം സ്റ്റാന്‍ഡ് ബൈയിലായിരുന്നെങ്കിലും, ശ്രീനഗറിലും സമീപ പ്രദേശങ്ങളിലും മോശം കാലാവസ്ഥ കാരണം പറന്നുയരാന്‍ സാധിച്ചില്ലെന്ന് ഐഎഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് ഇതുവരെ 15,000 ത്തോളം പേരെ സുരക്ഷിതമായി മാറ്റിയതായി ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ശനിയാഴ്ച അറിയിച്ചു.

ഗുഹയ്ക്ക് സമീപം കുടുങ്ങിയ ഭൂരിഭാഗം യാത്രികരെയും പഞ്ജതര്‍ണിയിലേക്ക് മാറ്റിയതായി ഐടിബിപി പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം വെള്ളപ്പൊക്കത്തില്‍ നിരവധി പേര്‍ ഒലിച്ചു പോകുമെന്ന ആശങ്കയുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് കല്ലുകള്‍ നീക്കി ആളുകള്‍ക്കായി തെരച്ചില്‍ നടത്തുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് നായ്ക്കളെയും ഉപയോഗിക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു.

 

Exit mobile version