കെഎസ്ആര്‍ടിസി സ്വിഫ്റ്റ് രൂപീകരണത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി; സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി, വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഗതാഗത മന്ത്രി

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് രൂപീകരണത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ജസ്റ്റിസ് അമിത് റാവലിന്റെ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. കോണ്‍ഗ്രസ്, ബിജെപി അനുകൂല യൂണിയനുകളാണ് കെ. സ്വിഫ്റ്റ് രൂപീകരണം നിയമപരമല്ലെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചിരുന്നത്. പ്രതിപക്ഷ യൂണിയനുകള്‍ സമര്‍പ്പിച്ച 8 ഹര്‍ജികളും തള്ളിയ കോടതി കെ. സ്വിഫ്റ്റ് രൂപീകരണ തീരുമാനം ശരിവച്ചു. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുന്നതിനായി ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. അതേസമയം, കെ സ്വിഫ്റ്റ് കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.കെ.എസ്.ആര്‍.ടി.സിയുടെ നിലനില്‍പിന് സ്വിഫ്റ്റ് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ സ്വിഫ്റ്റ് സ്വതന്ത്ര കമ്പനിയാണ്. 10 വര്‍ഷത്തേക്കുള്ള താത്കാലിക കമ്പനിയാണ് കെ. സ്വിഫ്‌റ്റെന്നും ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തര വേളയിലാണ് മന്ത്രി രേഖാമൂലം മറുപടി നല്‍കിയത്. സ്വിഫ്റ്റ് വരുമാനം എത്തുന്നത് കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ ആണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

 

Exit mobile version