ധോണിയില്‍ നടക്കാനിറങ്ങിയ ആളെ ആന ചവിട്ടി കൊന്നു

പാലക്കാട് ധോണിയില്‍ നടക്കാനിറങ്ങിയ അറുപതുകാരനെ ആന ചവിട്ടി കൊന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. എട്ടോളം പേര്‍ക്കൊപ്പമായിരുന്നു ശിവരാമനും നടക്കാനിറങ്ങിയത്.

മുന്നില്‍ നടന്ന രണ്ട് പേരെ വിരട്ടിയോടിച്ച ആന പിന്നാലെയുണ്ടായിരുന്ന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

അതിനിടെ എന്തിനാണ് പ്രഭാതത്തില്‍ നടക്കാനിറങ്ങിയതെന്ന പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ പ്രതികരണത്തിനെതിരെ പ്രതിഷേധം ശക്തമായി. സിപിഐഎം പാലക്കാട് ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കുകയാണ്. ഇന്ന് അകത്തേത്തറ, പുതുപ്പരിയാരം പഞ്ചായത്തുകളില്‍ സിപിഐഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ജനവാസമേഖലയിലെ വന്യമൃഗ ശല്യം തടയാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയായിരുന്നു ഡിഎഫ്ഒയുടെ വിവാദ പരാമര്‍ശം. എന്തിനാണ് പ്രഭാത നടത്തത്തിനിറങ്ങിയത് എന്നായിരുന്നു പ്രതികരണം. ഇതിനെതിരെ പ്രതിഷേധവുമായി സിപിഐഎം ഉള്‍പ്പടെ രംഗത്തെത്തുകയായിരുന്നു.

 

Exit mobile version