സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എച്ച്.ആര്‍.ഡി.എസ് പുറത്താക്കി. സ്വപ്നക്കെതിരായ അന്വേഷണങ്ങള്‍ സ്ഥാപനത്തെ ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സര്‍ക്കാര്‍ നിരന്തരം എച്ച്.ആര്‍.ഡി.എസിനെ വേട്ടയാടുകയാണെന്നും ജീവനക്കാരെ അനാവശ്യമായി ചോദ്യം ചെയ്യുകയാണെന്നും പ്രൊജക്ട് ഡയറക്ടര്‍ ജോയ് മാത്യൂ വിശദീകരിച്ചു. വേതനമുള്ള ജോലിയില്‍ നിന്നാണ് സ്വപ്നയെ നീക്കിയത്. സ്വപ്നയുടെ സൗജന്യ സേവനം തുടരുമെന്നും എച്ച്.ആര്‍.ഡി.എസ് പറഞ്ഞു.
മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പരമര്‍ശം സ്വപ്നയെ എച്ച്.ആര്‍.ഡി.എസ് ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്നു എന്നാണ്. ഇത് തങ്ങള്‍ പരാതിയായി കാണുന്നു എന്നും സ്വപ്ന സുരേഷിനെ പുറത്താക്കുന്നു എന്നും എച്ച്.ആര്‍.ഡി.എസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മാത്രമല്ല സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതി ശിവശങ്കറിന് സര്‍ക്കാര്‍ നിയമനം നല്‍കിയതിനാലാണ് എച്ച്ആര്‍ഡിഎസ് സ്വപ്നക്ക് ജോലി നല്‍കിയതെന്നും ശിവശങ്കറിനേയും ഇതേ രീതിയില്‍ പിരിച്ച് വിട്ട് സര്‍ക്കാര്‍ മാതൃകയാകണമെന്നും എച്ച്.ആര്‍.ഡി.എസ് പറഞ്ഞു.
