ഏക്നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ 43 അംഗങ്ങളുണ്ടാകുമെന്ന് സൂചന; ബിജെപി വിട്ടു വീഴ്ചകള്‍ക്ക് തയാറായേക്കും, ഉദ്ധവ് താക്കറെ മന്ത്രി സഭയില്‍ നിന്നും വിമത പക്ഷത്തെത്തിയ മുഴുവന്‍ പേര്‍ക്കും മന്ത്രി സ്ഥാനങ്ങള്‍ നല്‍കും

മഹാരാഷ്ട്ര മന്ത്രി സഭ വിപുലീകരണം ഉടന്‍ ഉണ്ടാകും. ഏക്നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ 43 അംഗങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. ബിജെപിയും ശിവസേന വിമതപക്ഷവും തമ്മില്‍ ചില വകുപ്പുകള്‍ സംബന്ധിച്ച് ഇപ്പോഴും അന്തിമധാരണ ആയിട്ടില്ല. ഉദ്ധവ് താക്കറെ മന്ത്രി സഭയില്‍ നിന്നും വിമത പക്ഷത്തെത്തിയ മുഴുവന്‍ പേര്‍ക്കും മന്ത്രി സ്ഥാനങ്ങള്‍ നല്‍കും. കൂടാതെ ഷിന്‍ഡെക്ക് ഒപ്പം നിന്ന 11 സ്വതന്ത്ര എംഎല്‍എ മാരില്‍ നാല് പേര്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും.

106 എംഎല്‍എമാരുള്ള ബിജെപി മന്ത്രിമാരുടെ എണ്ണത്തില്‍ വിട്ടു വീഴ്ച ചെയ്യാന്‍ തയാറായെങ്കിലും പ്രധാന വകുപ്പുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിസഭ സംബന്ധിച്ച് അന്തിമ ചര്‍ച്ചകള്‍ക്കായി ബിജെപി കോര്‍ കമ്മറ്റി യോഗം ചേര്‍ന്നു. കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, സി ടി രവി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനം മാത്രമാണ് ചര്‍ച്ച ആയതെന്നും മന്ത്രിസഭ വിപുലീകരണം ചര്‍ച്ച ചെയ്തില്ലെന്നും യോഗത്തിനുശേഷം ബിജെപി നേതൃത്വം പ്രതികരിച്ചു.

ഇന്നലെ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഷിന്‍ഡെ സര്‍ക്കാരിന് നിയമസഭയിലെ 164 അംഗങ്ങളുടെ പിന്തുണയാണ് ലഭിച്ചത്. 40 ശിവസേന എംഎല്‍എമാരാണ് ഏക്നാഥ് ഷിന്‍ഡെയെ പിന്തുണച്ചത്.

288 അംഗങ്ങളുള്ള നിയമസഭയില്‍ ബിജെപിക്ക് 106 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. തനിക്ക് 50 ശിവസേന വിമതരുടെ പിന്തുണയുണ്ടെന്ന് ഷിന്‍ഡെ പ്രഖ്യാപിച്ചിരുന്നെങ്കിലും 40 പേരാണ് വിശ്വാസ വോട്ടെടുപ്പില്‍ ഷിന്‍െയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണച്ചത്.

വിശ്വാസവോട്ടെടുപ്പില്‍ ജയിക്കാന്‍ 144 വോട്ടാണ് വേണ്ടിവരുന്നത്. 164 പേരുടെ പിന്തുണ ഷിന്‍ഡെ പക്ഷം നേടിയതോടെ ആധികാരികമായി ജയമുറപ്പിക്കുകയായിരുന്നു. 11 മണിയോടെയാണ് സഭ സമ്മേളിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാരായ അശോക് ചവാന്‍, വിജയ് വഡേട്ടിവാര്‍ എന്നിവര്‍ വോട്ടെടുപ്പിന് എത്തിയിരുന്നില്ല.

 

Exit mobile version