മുഖ്യമന്ത്രിക്കും മകള്‍ വീണാ ജോര്‍ജിനുമെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് മുന്‍ എംഎല്‍എ പിസി ജോര്‍ജ്. വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തില്‍ വലിയ സാമ്പത്തിക റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയും മകള്‍ വീണാ വിജയനും ഇതിന്റെ പങ്കാളിയാണ്. വീണാ വിജയന്റെ സാമ്പത്തിക ഇടപാട് അന്വേഷിക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞു. തനിക്കും കുടുംബത്തിനുമെതിരെ കള്ളക്കേസെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
പീഡന പരാതിയില്‍ അറസ്റ്റിലായ പി.സി.ജോര്‍ജിന് ഇന്നലെ രാത്രി ജാമ്യം ലഭിച്ചിരുന്നു. കര്‍ശന ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ജെഎഫ്എംസി) ജാമ്യം അനുവദിച്ചത്. പി.സി.ജോര്‍ജിന് ജാമ്യം അനുവദിക്കരുതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പ്രതി മത സ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയ വ്യക്തിയാണ്. കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ച വ്യക്തിയാണ്. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷിയെ ഭീഷണിപ്പെടുത്തുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പി.സി. ജോര്‍ജിനെതിരെ കുറെ മാസങ്ങളായി നിരന്തരമായി കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പ്രതിഭാഗം വാദിച്ചു. അതില്‍ സര്‍ക്കാരിനെ തന്നെ പ്രതിഭാഗം കുറ്റപ്പെടുത്തിയെന്ന വിവരമാണ് പുറത്തു വരുന്നത്. കൂടാതെ പി.സി. ജോര്‍ജിന്റെ ആരോഗ്യ സ്ഥിതിയും കോടതിയില്‍ പ്രതിഭാഗം ഉയര്‍ത്തിക്കാട്ടി. ഇതെല്ലാം മുന്‍നിര്‍ത്തായാണ് ജാമ്യമെന്നാണ് സൂചന.
‘ഇന്നലെ ക്രൈംബ്രാഞ്ച് വിളിപ്പിച്ച് രണ്ട് മണിക്കൂറിന് ശേഷം ലോകകാര്യവും തമാശയും നാട്ടുകാര്യവും എല്ലാം പറഞ്ഞു. അവര്‍ തമാശ രൂപത്തിലാണ് തെളിവ് എടുത്തത്. ഞാന്‍ അവരോട് സഹകരിച്ചു. ഞാനും സ്വപ്നാ സുരേഷും കൂടി മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഞാന്‍ സ്വപ്നയെ രണ്ട് പ്രാവശ്യം കണ്ടിട്ടുണ്ട്. അവരുമായി എന്ത് ഗൂഢാലോചനയാണ് നടത്തിയത്. മുഖ്യമന്ത്രിയെ താഴെ ചാടിക്കാന്‍ അതിന്റെ ആവശ്യം ഇല്ല. 13 ഓഫീസര്‍മാരെയാണ് തന്നെ ചോദ്യം ചെയ്യാന്‍ വെച്ചത്. സരിതയെ മുറിയിലേക്ക് വിളിപ്പിച്ചോവെന്നായിരുന്നു ആദ്യ ചോദ്യം. സുനില്‍കുമാര്‍ ആലപ്പുഴ കൂട്ടത്തില്‍ ഉണ്ടായിരുന്നോയെന്ന് ചോദിച്ചു. അവര്‍ ഫേട്ടോ കാണിച്ചു തന്നിട്ട് പോലും എനിക്ക് ആളെ അറിയില്ലായിരുന്നു.
എഫ്ഐആറില്‍ പറയുന്നത് പിസി ജോര്‍ജിനൊപ്പം സുനില്‍കുമാര്‍ തൊടുപുഴ ഉണ്ടായിരുന്നുവെന്നാണ്. അതായത് എഫ്ഐആറില്‍ സുനില്‍കുമാര്‍ തൊടുപുഴയാണെങ്കില്‍ എന്നോട് ചോദിക്കുന്നത് സുനില്‍കുമാര്‍ ആലപ്പുഴയെക്കുറിച്ചാണ്. മനപ്പൂര്‍വ്വം സാക്ഷിയെ സൃഷ്ടിക്കുകയാണ് പിണറായി വിജയന്‍. എന്റെ ഗണ്‍മാന്‍ മുറിയില്‍ ഉണ്ടായിരുന്നു. കള്ളക്കേസെടുത്തിട്ട് പിണറായി വിജയന്‍ എങ്ങനെ മുമ്പോട്ട് പോകും. ഞാന്‍ പള്ളിക്കൂടത്തില്‍ പോയക്കാലത്തെ കേസ് ഉള്‍പ്പെടെയാണ്. എന്റെ ഭാര്യയെ ഉള്‍പ്പെടെ പ്രതിയാക്കാന്‍ പോവുകയാണ്. ഞാന്‍ അതിനെക്കുറിച്ചൊന്നും ബോദേര്‍ഡ് അല്ല. അതെല്ലാം കൈകാര്യം ചെയ്യാനുള്ള വിദ്യാഭ്യാസം അവള്‍ക്കുണ്ട്.
പിണറായി വിജയന്റെ തമാശക്കൊക്കെ ഇതുവരെ നിന്നു കൊടുത്തു. മാനനഷ്ടക്കേസ് കൊടുക്കും മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ. ഒരു ദിവസം തിരുവനന്തപുരം വിളിപ്പിച്ചു, പിന്നെ എറണാകുളത്ത്. ഇവിടെയെല്ലാം ഞാന്‍ പോയി. എന്ത് ഇടപാട് ആണിത്.’ പി സി ജോര്‍ജ് ചോദിച്ചു.