ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന് നാട്ടുകാര്‍

കല്ലമ്പലം ചാത്തമ്പാറയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ഈ കുടുംബം നടത്തി വന്നിരുന്ന തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴ ചുമത്തിയ മനോവിഷമമാകാം ഇവരെ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്.

50,000 രൂപ പിഴ അടയ്ക്കാന്‍ ഇവര്‍ക്ക് ആരോഗ്യ വിഭാഗം നിര്‍ദേശം നല്‍കിയതായി നാട്ടുകാര്‍ പറയുന്നു. ഈ സംഭവത്തെത്തുടര്‍ന്ന് കുടുംബം കടുത്ത മനോവിഷമത്തിലായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.

ചാത്തമ്പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിക്കുട്ടന്‍, ഭാര്യ, രണ്ട് മക്കള്‍ മണിക്കുട്ടന്റെ ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്. ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയിലും ഭാര്യയും രണ്ടുമക്കളും മാതൃസഹോദരിയും വിഷം കഴിച്ച നിലയിലയുമാണ് കണ്ടെത്തിയത്.

തട്ടുകട നടത്തിയാണ് മണിക്കുട്ടന്‍ വരുമാനം കണ്ടെത്തിയിരുന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യയെന്നാണ് നിഗമനം. മണിക്കുട്ടന് കടബാധ്യതയുള്ളതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണോ മരണമെന്ന് പൊലീസ് പരിശോധിക്കുകയാണ്.

 

Exit mobile version