‘ലോക സമൂഹത്തിന് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ വിജയത്തെ അപമാനിച്ചു’; എസ്എസ്എല്‍സി ഫലത്തെ പരിഹസിച്ച് പ്രസ്താവന; വിദ്യാഭ്യാസമന്ത്രി മാപ്പ് പറയണമെന്ന് കെഎസ്യു

ലോക സമൂഹത്തിന് മുന്നില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ വിജയത്തെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അപമാനിച്ചുവെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്. കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലത്തെ പരിഹസിച്ച് പ്രസ്താവന നടത്തിയ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മാപ്പ് പറയണമെന്ന് കെഎസ്യു അറിയിച്ചു.

മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കഴിഞ്ഞ ദിവസം മുന്‍ വിദ്യാഭ്യാസമന്ത്രി പികെ അബ്ദു റബ്ബും രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം ദേശീയ തലത്തില്‍ തമാശയായിരുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

സാമൂഹിക, ആരോഗ്യ പ്രതിസന്ധികളെ അതിജീവിച്ച് പരിമിതമായ ക്ലാസുകള്‍ മാത്രം ലഭിച്ചിട്ടും കഷ്ടപ്പെട്ട് പഠിച്ച് മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ മുഖത്തുനോക്കി അവരെ അപമാനിക്കുകയും, വെല്ലുവിളിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കേരളത്തിന് അപമാനമാണ്. അപക്വമായ പ്രസ്താവന പിന്‍വലിച്ച് കേരള സമൂഹത്തോടും, മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളോടും മാപ്പ് പറയാന്‍ വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തയ്യാറാവണമെന്നും കെഎസ്യു ആവശ്യപ്പെട്ടു.

ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലവും ഹയര്‍സെക്കന്‍ഡറി ഫലത്തിലും പൊതുവിദ്യാഭ്യാസ വകുപ്പ് ജാഗ്രത പുലര്‍ത്തിയെന്നും ദേശീയ അംഗീകാരമുള്ളതാക്കി മാറ്റിയെന്നുമായിരുന്നു വി ശിവന്‍കുട്ടിയുടെ പരാമര്‍ശം. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ വര്‍ഷത്തെ പരീക്ഷാ ഫലത്തെ അദ്ദേഹം പരിഹസിച്ചത്.

‘കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയ്ക്ക് എ പ്ലസ് കിട്ടിയത് 1,25,509 കുട്ടികള്‍ക്കാണ്. നമ്മുടെ റിസല്‍ട്ടിനെ സംബന്ധിച്ചിടത്തോളം ദേശീയ അടിസ്ഥാനത്തില്‍ വളരെ തമാശ ആയിരുന്നു അത്. ഈ പ്രാവശ്യം 91% വിജയം ഉണ്ടെങ്കിലും എ പ്ലസിന്റെ കാര്യത്തിലൊക്കെ വളരെ നിലവാരമുള്ള റിസല്‍ട്ട് ആണെന്നതില്‍ തര്‍ക്കമില്ല. ഹയര്‍ സെക്കന്‍ഡറിക്കും അങ്ങനെയുള്ള നിലവാരം ഉണ്ട്’, എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

 

Exit mobile version