ഒരു പാര്‍ട്ടി ഓഫീസിന്റെ അകത്തേക്ക് ബോംബോ പടക്കമോ എറിയുന്നത് യുഡിഎഫിന്റെ രീതിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എകെജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിന് പിന്നില്‍ ആരാണെന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വിഷയത്തില്‍ നിന്ന് വ്യതിചലിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ആരാണോ അവരാണ് ആക്രമത്തിന് പിന്നില്‍ എന്നും സതീശന്‍ ആരോപിച്ചു.
സിസിടിവിയില്‍ കാണുന്ന ബോംബെറിഞ്ഞ ദൃശ്യങ്ങള്‍ വ്യക്തതയുളളതല്ല. രാഹുല്‍ വരുന്ന സമയത്ത് കോണ്‍ഗ്രസ് അക്രമം നടത്തുമെന്ന് പറയുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ്. സര്‍ക്കാരിനെ വരിഞ്ഞു മുറുക്കി പ്രതിരോധം തീര്‍ത്ത ഈ സമയത്ത് ഞങ്ങള്‍ ബോംബെറിയുമെന്ന് സാമാന്യ ബുദ്ധിയുളള ഒരു മലയാളിയും വിശ്വാസിക്കില്ല. കേരളത്തിലെ ജനങ്ങളുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യരുതെന്നും സതീശന്‍ പറഞ്ഞു.
‘ഞങ്ങള്‍ നിലവിലുളള പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഞങ്ങള്‍ ഒരിക്കലും ബോംബാക്രമണമുണ്ടാക്കി വിഷയത്തില്‍ നിന്ന് വ്യതിചലിക്കാന്‍ ശ്രമിക്കില്ല. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. ഇത്തരം പ്രസ്താവനകള്‍ നേരത്തെ തയ്യാറാക്കി വെച്ചതാകാം. എകെ ആന്റണി അകത്തുളളപ്പോള്‍ പ്രകടനവുമായി വന്ന് കെപിസിസി ഓഫീസ് തകര്‍ത്ത സംഭവമുണ്ടായിരുന്നു. അതിന് കൃത്യമായ തെളിവുകളുണ്ട്. എകെജി സെന്റര്‍ ആക്രമണം ആരാണ് ചെയ്തതെന്ന് ആര്‍ക്കും അറിയില്ല. അറിയാതെ കോണ്‍ഗ്രസാണ് പിന്നിലെന്ന് പറയുന്നത് ശരിയല്ലെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ കോണ്‍ഗ്രസിന്റെ നാല്‍പ്പതോളം ഓഫീസുകള്‍ തകര്‍ക്കപ്പെട്ടു. ആദ്യം മുഖ്യമന്ത്രിയെ അക്രമിക്കാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. എംപി ഓഫീസ് തകര്‍ത്തതിന് പ്രതിഷേധിച്ചു എന്ന് പറഞ്ഞ് വീണ്ടും ഞങ്ങളുടെ ഓഫീസ് തകര്‍ത്തു. ഇത് മൂന്നാം റൗണ്ടാണ് സിപിഐഎം സംസ്ഥാനത്ത് വ്യാപക ആക്രമണം നടത്തുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഇന്നലെ രാത്രി 11.25നാണ് സ്‌കൂട്ടറില്‍ എത്തിയയാള്‍ എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. എകെജി സെന്ററിന്റെ രണ്ടാമത്തെ ഗേറ്റിലാണ് സ്ഫോടക വസ്തു വീണത്. ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയില്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വീടിനും കെപിസിസി പ്രസിഡന്റിന്റെ വീടിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
