ബ്രൂവറി കേസ്; സര്‍ക്കാരിന് തിരിച്ചടി; ചെന്നിത്തലയ്ക്ക് രേഖകള്‍ നല്‍കണമെന്ന് കോടതി; കേസില്‍ ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്താം, ജൂലൈ 17 ന് വിസ്താരം തുടരും

ബ്രൂവറി അഴിമതിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസിന്റെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്ന സര്‍ക്കാര്‍ എതിര്‍ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹര്‍ജിക്കാരനായ രമേശ് ചെന്നിത്തലയ്ക്ക് നല്‍കണം. ജൂലൈ 17 ന് വിസ്താരം തുടരും.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബ്രൂവറികള്‍ അനുവദിക്കാനുള്ള നീക്കത്തിന് പിന്നില്‍ അഴിമതിയുണ്ടെന്നാരോപിച്ചാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്.

മുഖ്യമന്ത്രിയുടെ താല്‍പര്യ പ്രകാരം മുന്‍ എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ അനധികൃതമായി തീരുമാനമെടുത്തെന്നും ഇത് അഴിമതിയാണെന്നുമായിരുന്നു ചെന്നിത്തലയുടെ ആരോപണം. എന്നാല്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും സാക്ഷി മൊഴികള്‍ രേഖപ്പെടുത്താന്‍ അനുവദിക്കരുതെന്നും സര്‍ക്കാരിന്റെ എതിര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യം കോടതി തള്ളിയതോടെ കേസില്‍ ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്താം.

നേരത്തെ കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം ഗവര്‍ണര്‍ തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ ഹൈക്കോടതിയും തള്ളിയിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ വാദം.

 

Exit mobile version