ലേലു അല്ലൂ, ലേലു അല്ലൂ, ലേലു അല്ലൂ; ഇനി മേലില്‍ ഇതാവര്‍ത്തിക്കുകയില്ല സാറേ; ഒരു സ്‌കൂട്ടറില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് യാത്ര, വിരുതന്മാരെക്കൊണ്ട് പ്രതിജ്ഞ ചൊല്ലിച്ച് മോട്ടോര്‍ വാഹന വകുപ്പ്; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ഒരു സ്‌കൂട്ടറില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് യാത്രചെയ്ത സംഭവത്തില്‍ വിദ്യാര്‍ത്ഥികളെ ആര്‍ടിഒ ഓഫീസിലേയ്ക്ക് വിളിച്ചു വരുത്തി ശാസിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ഇത്തരം അഭ്യാസങ്ങള്‍ മേലില്‍ ആവര്‍ത്തിക്കുകയില്ലെന്ന് മാതാപിതാക്കളുടെ മുന്‍പില്‍ വെച്ച് പ്രതിജ്ഞ എടുപ്പിച്ച ശേഷമാണ് ഇവരെ മടക്കി അയച്ചത്. ഇനി മേലില്‍ ഇതാവര്‍ത്തിക്കുകയില്ല സാറേ…. . അഞ്ച് വിരുതന്മാരും ഒരുമിച്ച് പ്രതിജ്ഞ ചൊല്ലി. സ്‌കൂട്ടര്‍ ഓടിച്ച വിദ്യാര്‍ത്ഥിയായ ജോയല്‍ വി. ജോമോന്റെ ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. രണ്ടായിരം രൂപ പിഴയും ഈടാക്കി.

സ്‌കൂട്ടറില്‍ അപകടകരമായ രീതിയില്‍ യാത്ര നടത്തിയ അഞ്ചു വിദ്യാര്‍ത്ഥികളും രണ്ടു ദിവസം ഇടുക്കി മെഡിക്കല്‍ കോളജില്‍ സാമൂഹ്യ സേവനം നടത്തണമെന്ന് ഇടുക്കി ആര്‍ടിഒ ആര്‍. രമണന്‍ ഉത്തരവിട്ടു. ഇടുക്കി രാജമുടി മാര്‍ സ്ലീവാ കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥികളായ അഞ്ചു പേരാണ് സ്‌കൂട്ടറില്‍ കോളജില്‍ നിന്നും പുറത്തേക്ക് യാത്ര ചെയ്തതത്.

ജോയല്‍ വി ജോമോന്‍, ആല്‍ബിന്‍ ഷാജി, അഖില്‍ ബാബു, എജില്‍ ജോസഫ്, ആല്‍ബിന്‍ ആന്റണി എന്നിവരെയാണ് മോട്ടോര്‍ വാഹന വകുപ്പ് ശിക്ഷിച്ചത്. ഇവര്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ ഇടുക്കി ആര്‍ടിഒയ്ക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം നടത്തിയാണ് ഇവരെ കണ്ടെത്തിയത്.

ഇടുക്കി ആര്‍.ടി.ഒ. ആര്‍. രമണന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ സോണി ജോണ്‍, നെബു ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികളെ കണ്ടെത്തിയത്.

 

Exit mobile version