വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ മൂന്ന് മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരാന്‍ നിര്‍ദ്ദേശമുണ്ട്.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.
ഇന്നലെ മുതല്‍ ജൂലൈ രണ്ട് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ ഒഴികെ എല്ലാ ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
