കോട്ടയം: മുത്തൂറ്റ് ബ്രാഞ്ചിനു മുന്നിൽ നടക്കുന്ന സമരം സംഘർഷത്തിലേക്ക് നീങ്ങുന്നു. ഇന്നും ഇന്നലെയും പല ബ്രാഞ്ചുകൾക്കു മുന്നിലും സംഘർഷമാണ് അരങ്ങേറുന്നത്. ഇന്നു രാവിലെ കോട്ടയം ബേക്കർ ജംഗ്ഷനു മുന്നിൽ സിഐടിയു പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായി ജീവനക്കാരെ തടഞ്ഞിരുന്നു. ഇത് കാമറയിൽ പകർത്താനെത്തിയ ചാനൽ പ്രവർത്തകരെ ഒരു വിഭാഗം സിഐടിയു പ്രവർത്തകർ കയ്യേറ്റം ചെയ്തു.
കയ്യേറ്റത്തിൽ മനോരമ ന്യൂസ് കാമറമാൻ സി. അഭിലാഷിന് പരിക്കേറ്റു. കാമറയ്ക്കു കേടുപാടു സംഭവിച്ചു. പോലീസിൽ പരാതി നൽകി. ജോലിയിൽ പ്രവേശിക്കാനെത്തിയ ജീവനക്കാരെ ഇന്നു രാവിലെ സിഐടിയുവിന്റെ നേതൃത്വത്തിൽ കോട്ടയത്ത് തടഞ്ഞതോടെയാണു സംഘർഷം തുടങ്ങിയത്. ഇതു റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരുമായി സംഘർഷമുണ്ടാകുകയായിരുന്നു. പോലീസ് സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്.
മുത്തൂറ്റ് ബാങ്കിൽ ജോലി ചെയ്ത ജീവനക്കാരെ പറഞ്ഞുവിട്ടതിലും ശന്പളം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും മാസങ്ങളായി തുടരുന്ന സമരത്തിന്റെ ഭാഗമായാണ് കോട്ടയത്തെ സമരവും. ജോലി കഴിഞ്ഞിറങ്ങിയ ജീവനക്കാരെ ഇന്നലെ സമരക്കാർ തടഞ്ഞു. ടിബി റോഡിലുള്ള മുത്തൂറ്റ് പ്ലാസയിൽനിന്നും പുറത്തിറങ്ങിയ സ്ത്രീകളടക്കമുള്ള ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. ജീവനക്കാരുമായി വഴിയിലേക്കിറങ്ങിയ വാഹനം സിഐടിയു പ്രവർത്തകരുടെ നേതൃത്വത്തിൽ തടഞ്ഞു ഡ്രൈവറെ വലിച്ചിറക്കി.
വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തി. സുരക്ഷാ ചുമതലയുള്ള പോലീസുകാരെ തള്ളിമാറ്റിയാണ് ആക്രമണം. സമരക്കാർ വാഹനത്തിന്റെ ചില്ല് തകർത്തെന്ന് ആരോപണമുണ്ട്. പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പോലീസ് ബലം പ്രയോഗിച്ച് ജീവനക്കാരുടെ വാഹനം കടത്തിവിടുകയായിരുന്നു. പോലീസിനെ ആക്രമിച്ചതിനും കൃത്യനിർഹണം തടസപ്പെടുത്തിയതിനും നിരവധി പേർക്കെതിരെ കേസെടുത്തു.