പീഡന പരാതി; വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും, തെളിവെടുപ്പും തുടരും

യുവ നടിയ പീഡിപ്പിച്ചുവെന്ന കേസില്‍ നടന്‍ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 വരെ എറണാകുളം സൗത്ത് പൊലീസാണ് ചോദ്യം ചെയ്യുക. കൊച്ചിയിലെ വിവിധ ഫ്ളാറ്റുകളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഈ സ്ഥലങ്ങളിലെത്തിച്ചുള്ള തെളിവെടുപ്പും തുടരും. ഇന്നലെ പനമ്പള്ളി നഗറിലെ ഡി ഹോംസിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

ഇന്നലെയാണ് വിജയ് ബാബു അറസ്റ്റിലാകുന്നത്. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂലൈ 3 വരെ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ഉണ്ടാകണം എന്നാണ് കോടതി നിര്‍ദേശം. കേസിനെ കുറിച്ചുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളില്‍ ഉണ്ടാകും.

ആവശ്യമെങ്കില്‍ അന്വേഷണ സംഘത്തിന് അറസ്റ്റ് രേഖപ്പെടുത്താമെന്നും കോടതി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 5 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവും എന്ന വ്യവസ്ഥയില്‍ ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചതിന് പിന്നാലെ വിജയ് ബാബു ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ‘എന്തു സംഭവിച്ചാലും പ്രകോപിതനാകില്ല. ബഹുമാനപ്പെട്ട കോടതിയുടെ നിര്‍ദേശ പ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണവുമായി നൂറു ശതമാനം സഹകരിക്കുന്നുണ്ട്. അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ.”- വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

 

Exit mobile version