നിയമസഭയുടെ ചരിത്രത്തില്‍ ഇത് വരെ ഉണ്ടായിട്ടില്ലാത്ത കാര്യം ഇന്ന് സംഭവിച്ചു; അടിയന്തര പ്രമേയത്തിനുള്ള സര്‍ക്കാര്‍ മറുപടി കേള്‍ക്കാന്‍ പ്രതിപക്ഷം തയാറല്ല, ജനാധിപത്യാവകാശം ഉപയോഗിച്ചിട്ടില്ലാത്ത പ്രതിപക്ഷത്തെയാണ് ഇന്ന് കണ്ടതെന്ന് മുഖ്യമന്ത്രി

നിയമസഭയുടെ ചരിത്രത്തില്‍ ഇത് വരെ ഉണ്ടായിട്ടല്ലാത്ത കാര്യം ഇന്ന് സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭാ നടപടി നിര്‍ത്തിവച്ചതിനെ കുറിച്ച് പറയുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം പതിവ് പോലെ ഇന്നും സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയെന്നും എന്നാല്‍ ആ അടിയന്തര പ്രമേയ വിഷയം സഭയില്‍ വരാന്‍ പാടില്ല എന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കര്‍ ആവര്‍ത്തിച്ചു ചോദിച്ചു. പക്ഷേ പ്രതിപക്ഷം പ്രതികരിച്ചില്ല. ചോദ്യോത്തര വേള പൂര്‍ണമായും തടസപ്പെടുത്തുകയാണ് പ്രതിപക്ഷം ചെയ്തത്. എന്തിനാണ് ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്നത് എന്ന് പറഞ്ഞില്ല. പ്രതിപക്ഷ നേതാവ് ഒരക്ഷരം മിണ്ടിയില്ല. അതിനാലാണ് സ്പീക്കര്‍ ഇടപെട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

എന്താണ് പ്രശ്നമെന്ന് സഭയില്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷം തയാറല്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയത്തിനുള്ള സര്‍ക്കാര്‍ മറുപടി കേള്‍ക്കാന്‍ പ്രതിപക്ഷം തയാറല്ല. നിയമസഭയില്‍ മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത കാര്യമാണ് ഇതെന്നും ജനാധിപത്യാവകാശം ഉപയോഗിച്ചിട്ടില്ലാത്ത പ്രതിപക്ഷത്തെയാണ് ഇന്ന് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്ത് ന്യായീകരമാണ് പ്രതിപക്ഷത്തിനുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.

‘നിയമസഭയ്ക്കും നാടിനും അംഗീകരിക്കാന്‍ കഴിയാത്ത നിലപാടാണുണ്ടായത്. വല്ലാത്തൊരു അസഹിഷ്ണുതയാണ് സഭയില്‍ കണ്ടത്. അടിയന്തര പ്രമേയത്തിനുള്ള സര്‍ക്കാര്‍ നടപടി പൂര്‍ണമായും ഒഴിവാകണം എന്ന് പ്രതിപക്ഷം ആഗ്രഹിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന അത്യന്തം ഹീനമായ പെരുമാറ്റത്തിന്റെ ഭാഗമാണ് സഭയിലുമുണ്ടായത്. സംഘര്‍ഷവും കലാപവും ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. സഭയിലുണ്ടായ കാര്യങ്ങളുടെ തങ്ങളുടേതായ വീക്ഷണം പുറത്ത് വന്ന് പറയുന്നു. അസൗകര്യമുള്ളവ ഒഴിവാക്കുന്നു. അരക്ഷിതാവസ്ഥ ഉണ്ടാക്കാനുള്ള ശ്രമമാണഅ നടക്കുന്നത്’- മുഖ്യമന്ത്രി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവം എല്ലാവരും ഗൗരവമായി കണ്ട കാര്യമാണെന്നും അതിനെ ഏതെങ്കിലും തരത്തില്‍ ന്യായീകരിക്കാന്‍ ശ്രമിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എ.ഡി.ജി.പിയുടെ നേത്യത്വത്തില്‍ അന്വഷണം നടക്കുകയാണ്. കേരളം മുഴുവന്‍ കലാപമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നും സാധാരണ ഗതിയിലുണ്ടാകുന്ന വികാരങ്ങളും പ്രതികരണങ്ങളുമല്ല ഉണ്ടായതെന്നും തങ്ങള്‍ക്ക് ഒരു അവസരം കിട്ടി എന്ന മട്ടില്‍ കലാപമുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

‘രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ വന്നപ്പോള്‍ തന്നെ സി.പി.ഐ.എം അഖിലേന്ത്യ നേതൃത്വം പ്രതികരിച്ചു. ചോദ്യം ചെയ്യലിനെ സി.പി.ഐ.എം ചോദ്യം ചെയ്തതാണ്. വാളയാറിന് അപ്പുറം ഒരു നിലപാട് ഇപ്പുറം മറ്റൊരു നിലപാട് എന്നത് സി.പി.ഐ.എമ്മിനില്ല. അത് കോണ്‍ഗ്രസിനാന്നുള്ളതാണ്. പുകമറയുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു’- പിണറായി വിജയന്‍ പറഞ്ഞു.

 

Exit mobile version