കാസര്‍കോഡ് പ്രവാസിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് 10 അംഗ സംഘം; 3 പേരെ തിരിച്ചറിഞ്ഞു, കൊലയ്ക്ക് കാരണം സാമ്പത്തിക ഇടപാട്

കാസര്‍കോട് പ്രവാസിയെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയത് പത്തംഗ സംഘമെന്ന് പൊലീസ്. കൊലയ്ക്ക് പിന്നില്‍ പൈവളിഗയിലെ സംഘം ആണെന്നും കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്ക് നേതൃത്വം നല്‍കിയ റയീസ്, നൂര്‍ഷ, ഷാഫി എന്നിവരെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സാമ്പത്തിക ഇടപാടാണ് കൊലയ്ക്ക് പിന്നിലെന്നും കണ്ടെത്തിയിട്ടുണ്ട്. കുമ്പള, മുഗുവിലെ അബൂബക്കര്‍ സിദ്ദിഖിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

അവശനിലയിലായ സിദ്ദിഖിനെ കഴിഞ്ഞ ദിവസം രാത്രിയോടെ ബന്ദിയോടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് സംഘം കടന്നു കളയുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും സിദ്ദിഖിന്റെ മരണം സംഭവിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് സിദീഖിന്റെ സഹോദരന്‍ അന്‍വര്‍, ബന്ധു അന്‍സാര്‍ എന്നിവരെ ഒരു സംഘം തട്ടിക്കൊണ്ട് പോയിരുന്നു. ഇവരെ ഉപയോഗിച്ചാണ് സിദീഖിനെ വിളിച്ചു വരുത്തിയത്. അന്‍വറും അന്‍സാറും ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സിദ്ദീഖിന്റെ മൃതദേഹത്തില്‍ പരിക്കുകളുണ്ട്. കാല്‍ പാദത്തിനടിയില്‍ നീലിച്ച പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ സംഘം ഒരു സ്ഥലത്ത് എത്താന്‍ വിളിച്ച് പറഞ്ഞത് അനുസരിച്ച് സഹോദരന്‍ വീട്ടില്‍ നിന്ന് പോയതാണെന്ന് മരിച്ച അബൂബക്കര്‍ സിദ്ദിഖിന്റെ സഹോദരന്‍ ഷാഫി പറഞ്ഞു. അവിടെ നിന്ന് സംഘം കാറില്‍ കയറ്റിക്കൊണ്ട് പോയി. പിന്നീട് ആശുപത്രിയില്‍ എത്താനുള്ള അറിയിപ്പാണ് ലഭിച്ചതെന്നും സഹോദരന്‍ ഷാഫി പറഞ്ഞു.

 

Exit mobile version