രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ടി.സിദ്ദീഖ് എംഎല്‍എ ആണ് നോട്ടീസ് നല്‍കിയത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കുകയും മൂന്ന് ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് ഒത്താശ ചെയ്യുകയും പ്രതികളെ പിടികൂടാതെ കേസ് അട്ടിമറിക്കുകയുമാണെന്ന് അടിയന്തര പ്രമേയ നോട്ടീസില്‍ ആരോപിക്കുന്നു. ഈ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.
സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാന്‍ നിരവധി വിഷയങ്ങളുമായാണ് പ്രതിപക്ഷം സഭയിലെത്തുന്നത്. സ്വര്‍ണക്കടത്ത് കേസ്, നിയമസഭാ ഹാളില്‍ അനില പുല്ലയിലിന്റെ സാന്നിധ്യം, ബഫര്‍സോണ്‍ വിഷയം തുടങ്ങിയവയെല്ലാം പ്രതിപക്ഷം ഉന്നയിക്കും. അതേസമയം സ്വര്‍ണക്കടത്ത് വിവാദത്തില്‍ ഇന്ന് മുഖ്യമന്ത്രി തന്നെ മറുപടി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
