സംസ്ഥാനത്ത് സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷം തുടരുന്നതിനിടെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണവും മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളും ചര്‍ച്ചയാകും. വിമാനത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധവും അറസ്റ്റും ചൂണ്ടിക്കാട്ടി ആരോപണങ്ങളെ പ്രതിരോധിക്കാനാവും ഇടതു പക്ഷത്തിന്റെ ശ്രമം.
രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ അതിക്രമിച്ചു കയറിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ജീവനക്കാരന്‍ അഗസ്റ്റിനെ അതിക്രൂരമായി മര്‍ദ്ദിച്ചെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. വിവിധ സഹായങ്ങള്‍ ആവശ്യപ്പെട്ട് ജനങ്ങള്‍ രാഹുല്‍ഗാന്ധിക്ക് സമര്‍പ്പിച്ച അപേക്ഷകളെല്ലാം വലിച്ചുകീറി. പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലവെട്ടിയതിന് സമാനമായി, സംഘപരിവാര്‍ മാതൃകയില്‍ ഓഫീസിലുണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് ചവിട്ടിയരച്ചു. ഇതെല്ലാം ചെയ്യുമ്പോള്‍ പൊലീസ് നോക്കുകുത്തികളായിരുന്നു. സീതാറാം യെച്ചൂരിയുടെ പ്രതികരണം വന്നതിനാലാണ് ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതെന്നും കോണ്‍ഗ്രസ്ചൂണ്ടിക്കാട്ടുന്നു.
വയനാട് നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാധ്യമ പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച സംഭവം ഇടതുപക്ഷം ചര്‍ച്ചയാക്കിയേക്കും. രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ ആക്രമണം നടന്ന ശേഷം ഓണ്‍ലൈനില്‍ വന്ന ദൃശ്യങ്ങളിലെല്ലാം ഗാന്ധിയുടെ ഫോട്ടോ ചുമരില്‍ തന്നെയുണ്ടായിരുന്നല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടാണ് വിഡി സതീശന്‍ പൊട്ടിത്തെറിച്ചത്.
‘ ഇതുപോലുള്ള സാധനങ്ങള്‍ കൈയ്യില്‍ വെച്ചാല്‍മതി. ഇത്തരം ചോദ്യങ്ങള്‍ പിണറായി വിജയനോട് പോയി ചോദിച്ചാല്‍ മതി. എന്നോട് ചോദിക്കേണ്ട. അസംബന്ധം കാണിച്ചിട്ട് ചാനലുകളും പത്രങ്ങളും വഴി കലാപത്തിന് ആഹ്വാനം നല്‍കുന്നോ. അസംബന്ധം പറയാതെ മര്യാദയ്ക്ക് ഇരുന്നോണം, ഇല്ലെങ്കില്‍ ഞാന്‍ പുറത്തിറക്കി വിടും’. ഇങ്ങനെ രൂക്ഷമായ ഭാഷയിലാണ് വിഡി സതീശന്‍ മാധ്യമ പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസ് ആസൂത്രണം ചെയ്ത ആക്രമണമാണ് വയനാട്ടില്‍ എസ്എഫ്‌ഐ നടപ്പാക്കിയതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.
ഇന്നലെ ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ശബ്ദം കേട്ട് അകത്തേക്ക് കയറിയ പൊലീസിന് നേരെ ടി. സിദ്ദിഖ് പാഞ്ഞടുത്തു. പോയി ക്രിമിനലുകള്‍ക്ക് പ്രൊട്ടക്ഷന്‍ കൊടുക്ക്, ഞങ്ങള്‍ക്ക് നിങ്ങളുടെ പ്രൊട്ടക്ഷനൊന്നും വേണ്ടെന്നായിരുന്നു സിദ്ദിഖിന്റെ പ്രതികരണം.
രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് സുരക്ഷയൊരുക്കാന്‍ കഴിയാതിരുന്ന പൊലീസ് തല്‍ക്കാലം ഇവിടെ വന്ന് സുരക്ഷ തരണ്ട എന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ വാദം. നേതാക്കളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പൊലീസ് സംഘം ഡിസിസി ഓഫീസിന് പുറത്തേക്ക് മാറുകയായിരുന്നു.
