‘ഞാന്‍ കൊള്ളരുതാത്തവനാണെന്ന് പറഞ്ഞാല്‍ ഇപ്പോള്‍ രാജിവെക്കാം’; വൈകാരിക പ്രതികരണവുമായി ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരവെ വൈകാരിക പ്രതികരണവുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. താന്‍ കഴിവില്ലാത്തവനാണെന്ന് വിമത എംഎല്‍എമാര്‍ക്ക് തോന്നുന്നുവെങ്കില്‍ മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. തന്നേയും മകന്‍ ആദിത്യനേയും നിങ്ങള്‍ നേതാക്കളായി അംഗീകരിച്ചിട്ടുണ്ടോയെന്നും ഉദ്ധവ് താക്കറെ ചോദിക്കുന്നു.

‘ഞാന്‍ കൊള്ളരുതാത്തവനും കഴിവില്ലാത്തവനുമായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. അതെന്നോട് പറയൂ. പാര്‍ട്ടിയില്‍ നിന്നും ഈ നിമിഷം വിട്ടുനില്‍ക്കാന്‍ തയ്യാറാണ്. ബാല്‍സാഹേബ് പറഞ്ഞത് പ്രകാരം നിങ്ങള്‍ എന്നെ ബഹുമാനിച്ചു. എന്നാല്‍ ഇന്ന് എനിക്ക് ചോദിക്കാനുള്ളത്, നിങ്ങള്‍ എന്നേയും മകന്‍ ആദിത്യനേയും നേതാവായി അംഗീകരിച്ചിരുന്നോയെന്നാണ്.’ ഉദ്ധവ് താക്കറെ പറഞ്ഞു.

വിമതര്‍ ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണെന്നും താക്കറെ രൂക്ഷമായി വിമര്‍ശിച്ചു. പാര്‍ട്ടി നേതാക്കളുമായി വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് താക്കറെ ഇക്കാര്യം പറഞ്ഞത്. താന്‍ ജനങ്ങളെ കാണുന്നില്ലെന്നാണ് ചില സമയത്ത് അവര്‍ പറയുന്നത്, എന്‍സിപിയും കോണ്‍ഗ്രസും പിന്തുണക്കുന്നില്ലെന്നാണ് മറ്റ് ചിലപ്പോള്‍ പറയുന്നതെന്നും താക്കറെ വിമര്‍ശിച്ചു.

നേരത്തെ ഏക്‌നാഥ് ഷിന്‍ഡെയുമായി സംസാരിച്ചിരുന്നുവെന്നും ബിജെപിയുമായി യോജിച്ച് പോകണമെന്ന് നേതാക്കളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെന്ന് ഷിന്‍ഡെ പറഞ്ഞതായും യോഗത്തില്‍ താക്കറെ പറഞ്ഞു. ആ എംപിമാരെ തന്റെ അടുത്ത് കൊണ്ടുവരാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും താക്കറെ കൂട്ടിചേര്‍ത്തു.

Exit mobile version