മോദി സര്‍ക്കാരിനെ പ്രീതിപ്പെടുത്താന്‍ നടത്തിയ ആസൂത്രിത ആക്രമണം; മോദി സര്‍ക്കാരിന്റെ ക്വട്ടേഷന്‍ കേരളത്തിലെ സിപിഐഎം ഏറ്റെടുത്തതാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ കണ്ടതെന്ന് വിഡി സതീശന്‍

കല്‍പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിന് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൊലീസ് അക്രമം നടക്കുമ്പോള്‍ ഇടപെട്ടില്ലെന്നും വിഡി സതീശന്‍ ആരോപിച്ചു.

‘മെയ് മൂന്നാം തിയതി കേന്ദ്ര കാബിനറ്റ് മന്ത്രി സ്മൃതി ഇറാനി വയനാട് സന്ദര്‍ശിക്കുകയും അമേഠിയില്‍ നിന്ന് തുരത്തിയത് പോലെ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്നും തുരത്തണമെന്ന് പ്രഖ്യാപനം നടത്തുകയും ചെയ്തു. അത് മോദി സര്‍ക്കാരിന്റെ അജണ്ടയാണ്. ആ അജണ്ടയുടെ ഭാഗമായി നിരവധി ബിജെപി നേതാക്കള്‍ വയനാട്ടിലേക്ക് വരികയാണ്. പക്ഷെ കേരളത്തിലെ ബിജെപി മോദി സര്‍ക്കാരിന്റെ അജണ്ട ഏറ്റെടുക്കാന്‍ ശേഷി ഉള്ളവരല്ല. അതുകൊണ്ട് മോദി സര്‍ക്കാരിന്റെ ക്വട്ടേഷന്‍ കേരളത്തിലെ സിപിഐഎം ഏറ്റെടുത്തതാണ് രാഹുലിന്റെ ഓഫീസ് ആക്രമണത്തില്‍ കണ്ടത്,’ വിഡി സതീശന്‍ ആരോപിച്ചു.

ബഫര്‍ സോണും എസ്എഫ്‌ഐയും തമ്മില്‍ എന്തു ബന്ധമാണുള്ളത്. ബഫര്‍ സോണുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐയുടെ ഒരു പ്രസ്താവന പോലും വന്നിട്ടില്ല. ഡല്‍ഹിയിലിരിക്കുന്ന സംഘപരിവാര്‍ നേതാക്കന്‍മാരെയും മോദി സര്‍ക്കാരിനെയും സന്തോഷിപ്പിക്കുന്നതിന് വേണ്ടി നടത്തിയ ശ്രമമാണ് എന്ന ആരോപണം ശരിവെക്കുന്ന സംഭവങ്ങളാണ് നടന്നതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

ബഫര്‍ സോണിനെ സംബന്ധിച്ച് ജൂണ്‍ 10ാം തിയതി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഇപ്പോഴുള്ള ബഫര്‍ സോണ്‍ വിധിയില്‍ മാറ്റം വരുത്തണമെങ്കില്‍ സ്റ്റേറ്റ് ആണ് മൂവ് ചെയ്യേണ്ടത്. അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് രാഹുല്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. അതിന്റെ തൊട്ടു പിറ്റേ ദിവസം സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി രാഹുല്‍ ഗാന്ധിക്ക് വിവരമില്ലാത്തത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത് എന്ന് പറഞ്ഞു. വിരുന്നുകാരനാണെന്ന് പറഞ്ഞ് ആക്ഷേപിച്ചു. പിണറായി വിജയനാണ് ബഫര്‍ സോണിലെ വില്ലന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായിരുന്ന മന്ത്രി സഭാ യോഗത്തിലെടുത്ത തീരുമാനമാണ് ബഫര്‍ സോണിനെ തത്വത്തില്‍ അംഗീകരിക്കുന്നു എന്ന്. എന്നിട്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി സിപിഐഎം ഹര്‍ത്താല്‍ നടത്തുന്നെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.

‘എസ്എഫ്‌ഐ ക്രിമിനലുകളുടെ സംഘമായി മാറി. ആരോഗ്യമന്തിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. എന്നിട്ടാണോ ആരും അറിഞ്ഞില്ല എന്ന് പറയുന്നത്. എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി എത്ര കേസില്‍ പ്രതിയാണ്. ഡിവൈഎഫ്‌ഐയുടെ ഒരു ജില്ലാ നേതാവിനെ മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചതിന് സസ്‌പെന്‍ഡ് ചെയ്തു. അയാളാണ് ഇവിടത്തെ ലഹരി വിരുദ്ധ കോ ഓര്‍ഡിനേറ്റര്‍. ഇവരെല്ലാം ക്രിമിനലുകളും മയക്കുമരുന്ന് മാഫിയക്ക് കുട പിടിച്ചു കൊടുക്കുന്നവരുമാണ്,’ വിഡി സതീശന്‍ പറഞ്ഞു.

 

Exit mobile version