ആലപ്പുഴയിൽ ധൻബാദ് എക്സ്പ്രസ് ട്രെയിനിൽ നിന്ന് 60 കിലോ കഞ്ചാവ് പിടികൂടി

ആലപ്പുഴ: ധൻബാദ് എക്സ്പ്രസ് ട്രെയിനിൽ നിന്ന് 60 കിലോ കഞ്ചാവ് പിടികൂടി. റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് അടങ്ങിയ ബാഗുകൾ കണ്ടെത്തിയത്. കഞ്ചാവിന് 30 ലക്ഷം രൂപ വില കണക്കാക്കുന്നു. കഴി‍ഞ്ഞ രാത്രി 8നു ആലപ്പുഴ സ്റ്റേഷനിൽ സർവീസ് അവസാനിപ്പിച്ച ധൻബാദ് എക്സ്‌പ്രസിന്റെ ജനറൽ കംപാർട്മെന്റിലാണ് ഏകദേശം 6 കിലോ വീതം വരുന്ന അഞ്ചു ബാഗുകളിലായി കഞ്ചാവ് കണ്ടെത്തിയത്. ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ് ബാഗുകളിലാക്കി സീറ്റിനടിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

എക്സൈസ് സംഘവും ആർപിഎഫും അന്നു രാത്രി തൃശൂർ, പാലക്കാട് മേഖലകളിൽ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു പരിശോധന നടത്തിയിരുന്നു. ധൻബാദിൽ നിന്ന് രാവിലെ യാത്ര തുടങ്ങി പിറ്റേന്നു രാത്രിയിൽ ആലപ്പുഴയിൽ എത്തുന്ന ട്രെയിനിൽ നിന്ന് ഈ ബാഗുകൾ എടുത്തുകൊണ്ടു പോകാൻ കഴിയാതെ വന്നപ്പോൾ ഉപേക്ഷിച്ചു കടന്നതാകാമെന്ന് സംശയിക്കുന്നു

ആർപിഎഫ് ഇൻസ്പെക്ടർ എം.എസ്.മീണ, സബ് ഇൻസ്പെക്ടർ സി.എൻ.ശശി, ഹെഡ് കോൺസ്റ്റബിൾ പി.അജയകുമാർ, ടി.എസ്. അനിൽകുമാർ, കോ‍ൺസ്റ്റബിൾ പത്മകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആർപിഎഫ് കേസ് എടുത്ത ശേഷം കഞ്ചാവ് എക്സൈസിനു കൈമാറി. എക്സൈസ് ഇൻസ്പെക്ടർ വി.ജെ.റോയി ആർപിഎഫിൽ നിന്നു കഞ്ചാവ് ഏറ്റുവാങ്ങി. ഇന്നു റിപ്പോർട്ടിനൊപ്പം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയി‍ൽ കഞ്ചാവ് സമർപ്പിക്കും.

Exit mobile version