കോട്ടയം തലയോലപ്പറമ്പിൽ സ്ക്കൂൾ വിദ്യാർത്ഥി മുവാറ്റുപുഴ ആറ്റിൽ മുങ്ങി മരിച്ചു;

തലയോലപ്പറമ്പ്: സ്ക്കൂൾ വിദ്യാർത്ഥി മുവാറ്റുപുഴ ആറ്റിൽ മുങ്ങി മരിച്ചു. തലയോലപ്പറമ്പ് പന്നിക്കോട്ടിൽ ടോമിയുടെ മകനും സെന്റ് ജോർജ് ഇംഗ്ലിഷ് മീഡിയം സ്കൂൾ 10–ാം ക്ലാസ് വിദ്യാർഥിയുമായ അലക്സ് (15) ആണ് മുങ്ങി മരിച്ചത് . ഇന്നലെ ഉച്ചയ്ക്ക് കോലേഴം ഭാഗത്ത് പഞ്ചായത്ത് വക കുളിക്കടവിൽ ആണ് സംഭവം. ആറിനു സമീപത്തെ വീട്ടിൽ ട്യൂഷനു വന്ന 5വിദ്യാർഥികൾ ട്യൂഷൻ കഴിഞ്ഞ് ആറ്റിൽ കുളിക്കാൻ പോയി. നീന്തൽ അറിയാമായിരുന്ന അലക്സും, ആദർശും വെള്ളത്തിൽ ഇറങ്ങി കുറച്ചു ദൂരം നീന്തി .ഇടയ്ക്ക് അലക്സ് കുഴഞ്ഞു പോവുകയായിരുന്നു. സമീപത്തെ ഫർണിച്ചർ ഷോപ്പ് ഉടമ സജു കരയിൽ നിന്നും കയർ എറിഞ്ഞു കൊടുത്തു.

ആദർശ് അലക്സിന്റെ കയ്യിൽ കെട്ടി കരയിലേക്കു വലിച്ചു കയറ്റാൻ ശ്രമം നടത്തിയെങ്കിലും കുറച്ചു ദൂരം എത്തിയപ്പോൾ കയറിന്റെ കെട്ട് അഴിഞ്ഞ് അലക്സ് താണുപോയി. നാട്ടുകാരും തുടർന്നു കടുത്തുരുത്തി, വൈക്കം ഫയർ യൂണിറ്റും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ കോട്ടയത്തു നിന്നും സ്കൂബ ടീം എത്തി വൈകിട്ട് നാലോടെ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് 3നു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ. മാതാവ് മേഴ്സി. സഹോദരങ്ങൾ: ആൽബിൻ, ആന്റോ.

Exit mobile version