മല്ലപ്പളളി: രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ അമിത വേഗതയില്‍ വന്ന് നിയന്ത്രണംവിട്ട ടിപ്പര്‍, ടോറസ് ലോറികള്‍ തലകീഴായി മറിഞ്ഞ് അടിയില്‍പ്പെട്ട് രണ്ടു കാല്‍നടയാത്രികര്‍ക്ക് ദാരുണാന്ത്യം. കാട്ടൂര്‍ തോട്ടത്തില്‍ ടി.സി. സുരേഷ്‌കുമാര്‍ (മണിക്കുട്ടന്‍-57), എഴുമറ്റൂര്‍ കൊച്ചുപ്ലാങ്കല്‍ ഓമനക്കുട്ടന്‍ (അനി -40) എന്നിവരാണ് മരിച്ചത്. ചെറുകോല്‍ കിളിയാനിക്കല്‍ ജങ്ഷനു സമീപത്തെ കൊടുംവളവിലുണ്ടായ അപകടത്തിലാണ് സുരേഷ്‌കുമാര്‍ മരിച്ചത്.
ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം. റാന്നി ഭാഗത്തുനിന്ന് പച്ചമണ്ണ് കയറ്റി വേഗത്തില്‍വന്ന ടോറസ് കൊടുംവളവില്‍ നിയന്ത്രണംവിട്ട് ഇടതുവശത്തെ പുഞ്ചയിലേക്കു തലകീഴായി മറിയുകയായിരുന്നു. തലയ്ക്കു പരുക്കേറ്റ ഡ്രൈവറെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. സുരേഷ്‌കുമാര്‍ ഈ സമയം ഇതുവഴി നടന്നുപോകുന്നത് കണ്ടതായി നാട്ടുകാരില്‍ ആരോ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് സുരേഷിന്റെ മൊെബെലിലേക്ക് പല പ്രാവശ്യം വിളിച്ചിട്ടും എടുത്തില്ല. ആറന്മുള പോലീസും അഗ്‌നിരക്ഷാ സേനയും എത്തി ലോറി മറിച്ചിട്ട് മണ്ണുനീക്കം ചെയ്തപ്പോഴാണ് മൃതദേഹം കണ്ടത്.
പാറമട തൊഴിലാളിയായ ഓമനക്കുട്ടന്‍ പുലര്‍ച്ചെ നാലിന് ജോലിക്കു പോകുന്നതിന് വീട്ടില്‍നിന്നും നടന്നുവരുന്ന തിനിടെയാണ് അപകടമുണ്ടായത്. ചാലാപ്പള്ളി ഭാഗത്തുനിന്നും കരിങ്കല്‍ കയറ്റിവന്ന ലോറി ഇടിച്ചശേഷം തൊട്ടടുത്തുള്ള കരിമ്പോലില്‍ സുഗതന്‍ നായരുടെ വീട്ടുമുറ്റത്തേക്കു മറിയുകയായിരുന്നു. ലോറിക്കടിയില്‍ ആളുണ്ടെന്നു നേരം വെളുത്ത ശേഷമാണ് കണ്ടെത്തിയത്. പിന്നീട് പോലീസും നാട്ടുകാരുമെത്തി മൃതദേഹം കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അപകടത്തില്‍പ്പെട്ട ലോറിയുടെ ഡ്രൈവര്‍ക്കും പരുക്കേറ്റു.