കാലാനുസൃതമായ പരിഷ്‌ക്കരണം സേനയില്‍ അനിവാര്യം; അഗ്‌നിപഥ് പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി

സേനയില്‍ പരിഷ്‌കരണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാലാനുസൃതമായ പരിഷ്‌ക്കരണം സേനയില്‍ അനിവാര്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രഗതി മൈതാന്‍ ഇന്റഗ്രേറ്റഡ് ട്രാന്‍സിറ്റ് കോറിഡോര്‍ പദ്ധതിയുടെ പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു. സംയോജിത ട്രാന്‍സിറ്റ് കോറിഡോര്‍ പദ്ധതി പ്രഗതി മൈതാന്‍ പുനര്‍വികസന പദ്ധതിയുടെ അവിഭാജ്യ ഘടകമാണ്. 920 കോടിയിലധികം രൂപ ചെലവിലാണ് സംയോജിത ട്രാന്‍സിറ്റ് കോറിഡോര്‍ പദ്ധതി നിര്‍മ്മിച്ചിരിക്കുന്നത്.

എന്നാല്‍ അഗ്‌നിപഥ് പദ്ധതിക്കെതിരായ യുവാക്കളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഇന്ന് ഡല്‍ഹി ജന്ദര്‍മന്ദരില്‍ സത്യഗ്രഹ സമരം നടത്തുകയാണ്. പദ്ധതിക്കെതിരെ ട്വിറ്ററിലൂടെ വിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി രാജ്യത്തെ യുവാക്കളെ പ്രധാനമന്ത്രി തെരുവിലിറക്കിയെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ ഇന്നത്തെ സ്ഥിതിക്ക് ഉത്തരവാദി പ്രധാനമന്ത്രിയെന്നും രാഹുലിന്റെ ട്വീറ്റില്‍ പറയുന്നു.

ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കവെ വസതിയില്‍ യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കര, നാവിക, വ്യോമ സേനാ മേധാവിമാര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ചും പ്രതിഷേധം തണുപ്പിക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച നടക്കും. രണ്ട് ദിവസത്തിനിടെ രണ്ടാം തവണയാണ് പ്രതിരോധ മന്ത്രി വിഷയത്തില്‍ യോഗം ചേരുന്നത്.

 

Exit mobile version