പ്രതിമാസ വേതനം 30,000 രൂപ; 48 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ; സ്തുത്യര്‍ഹ സേവനത്തിന് അവാര്‍ഡിനും മെഡലുകള്‍ക്കും അര്‍ഹത; അഗ്‌നിപഥിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്ത് വിട്ടു

അഗ്‌നിപഥിന്റെ പൂര്‍ണ വിവരങ്ങള്‍ വ്യോമസേന പ്രസിദ്ധീകരിച്ചു. 17 വയസ് മുതല്‍ 21 വയസ് വരെയുള്ളവര്‍ക്ക് അഗ്‌നിപഥ് പദ്ധതിയിലേക്ക് അപേക്ഷിക്കാം.

സേവന കാലയളവില്‍ പ്രതിമാസ വേതനം മുപ്പതിനായിരം രൂപ ലഭിക്കും. സേവന കാലയളവില്‍ മരണം സംഭവിച്ചാല്‍ 48 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകും. ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പുറമേ 44 ലക്ഷം രൂപയുടെ അധിക ധന സഹായവും കുടുംബത്തിന് ലഭിക്കും. സേവന കാലയളവില്‍ കോമണ്‍ അസസ്മെന്റ് മെത്തഡോളജി പിന്തുടരും. വ്യോമസേന നല്‍കുന്ന ചുമതലകളാണ് അഗ്‌നിവീരന്മാര്‍ നിര്‍വഹിക്കേണ്ടത്.

സ്തുത്യര്‍ഹ സേവനത്തിന് അവാര്‍ഡിനും മെഡലുകള്‍ക്കും അര്‍ഹതയുണ്ട്. അപേക്ഷാര്‍ത്ഥികള്‍ക്ക് നിര്‍ദിഷ്ട മെഡിക്കല്‍ യോഗ്യത വേണമെന്നും ബ്ലൂ പ്രിന്റില്‍ പറയുന്നു. സ്ഥിരം ജോലിയ്ക്കുള്ള അര്‍ഹതയല്ല അഗ്നിവീര്‍ നിയമനമെന്നും ഐ.എ.എഫ് വ്യക്തമാക്കുന്നു.

അഗ്നിപഥ് പദ്ധതിക്കായുള്ള റിക്രൂട്ട്മെന്റ് നാളെ തുടങ്ങാനിരിക്കെ രാജ്യത്തെ സൈനിക മേധാവിമാരുടെ യോഗം വിളിച്ചിരിക്കുകയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.ഹരികുമാര്‍, വ്യാമസേനാ മേധാവി ചീഫ് മാര്‍ഷല്‍ ബി.ആര്‍.ചൗധരി എന്നിവരുടെ യോഗമാണ് രാജ്നാഥ് സിംഗ് വിളിച്ചത്. പ്രതിരോധ സെക്രട്ടറി അജയ് കുമാറും രാജ്നാഥ് സിംഗിന്റെ വസതിയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജ്‌നാഥ് സിംഗ് 24 മണിക്കൂറിനിടെ രണ്ടാമതും സൈനിക മേധാവിമാരുടെ യോഗം വിളിച്ചത്.

 

Exit mobile version