മോട്ടോര്‍ വാഹന നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരമുള്ള അധിക ഫീസ് ഈടാക്കാതെ തന്നെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ പുതുക്കാനുള്ള അപേക്ഷകള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി. സുപ്രിം കോടതിയിലുള്ള കേസില്‍ അധിക ഫീസ് ഈടാക്കുന്നതു ശരിവച്ചാല്‍ തുക അടയ്ക്കുമെന്ന് വ്യക്തമാക്കി അപേക്ഷകരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങണമെന്നുമാണ് ജസ്റ്റിസ് അമിത് റാവലിന്റെ ഇടക്കാല ഉത്തരവ്.
അധിക ഫീസ് ഈടാക്കാന്‍ നിര്‍ദ്ദേശിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നല്‍കിയ ഉത്തരവു ചോദ്യം ചെയ്ത് പാലക്കാട്ടെ ആള്‍ കേരള യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്സ് ആന്‍ഡ് ബ്രോക്കേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. കഴിഞ്ഞ വര്‍ഷമാണ് വാഹന രജിസ്‌ട്രേഷന്‍ പുതുക്കാന്‍ നിലവിലുള്ള ഫീസിനു പുറമേ അധിക ഫീസ് ഈടാക്കാന്‍ മോട്ടോര്‍ വാഹന ചട്ടത്തിലെ റൂള്‍ 81 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്. ഇതനുസരിച്ച് പുതുക്കാന്‍ വൈകുന്ന ഓരോ മാസവും ഇരുചക്ര വാഹനങ്ങള്‍ക്ക് 300 രൂപ വീതവും മറ്റു സ്വകാര്യ വാഹനങ്ങള്‍ക്ക് 500 രൂപ വീതവും ഈടാക്കാനാണ് തീരുമാനിച്ചത്.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ വൈകുന്ന ഓരോ ദിവസവും 50 രൂപ വീതം ഈടാക്കാനും ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഫീസ് ഈടാക്കുന്നത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. 2016ല്‍ സമാനമായ ചട്ട ഭേദഗതി മദ്രാസ് ഹൈക്കോടതി 2017 ല്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരെ സുപ്രിം കോടതിയില്‍ കേസ് നിലവിലുണ്ടെന്നും മദ്രാസ് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്തിട്ടില്ലെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി.
2016 ലെ ഭേദഗതിക്കെതിരെ കേരള ഹൈക്കോടതിയെ സമീപിച്ചവരുടെ അപേക്ഷകള്‍ അധിക ഫീസ് വാങ്ങാതെ സ്വീകരിക്കാനും ഉത്തരവുണ്ട്. ഈ വസ്തുതകള്‍ കണക്കിലെടുത്താണ് അധിക ഫീസ് വാങ്ങാതെ അപേക്ഷകള്‍ സ്വീകരിക്കാന്‍ സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചത്. ഹര്‍ജി സെപ്തംബര്‍ 26 നു സമാനമായ മറ്റു ഹര്‍ജികള്‍ക്കൊപ്പം വീണ്ടും പരിഗണിക്കാന്‍ മാറ്റി
