മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പ്രകോപനം. പൊലീസിന് നേരെ കല്ലേറ് നടന്നു. തുടര്‍ന്ന് പൊലീസ് ലാത്തി വീശി. പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
പ്രകോപിതരായ സമരക്കാരെ പൊലീസ് ഓടിച്ചിട്ട് തല്ലി. സെക്രട്ടേറിയറ്റിന് അടുത്തുള്ള ഇടറോഡികളിലേക്ക് പ്രവര്‍ത്തകര്‍ ഓടി മറയുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പിരിഞ്ഞു പോയ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ചെത്തിയിരുന്നു. ഷാഫി പറമ്പില്‍ ഇടപെട്ട് സംഘര്‍ഷാവസ്തയ്ക്ക് അയവ് വരുത്താന്‍ നോക്കിയെങ്കിലും നടന്നില്ല.
‘ബോധപൂര്‍വം ടിയര്‍ ഗ്യാസും ഷെല്ലും എറിയുകയായിരുന്നു. പൊലീസുകാരോട് ഇത് നിര്‍ത്തണമെന്നും താന്‍ പ്രവര്‍ത്തകരെ നിയന്ത്രിച്ചു കൊള്ളാമെന്ന് പറഞ്ഞിട്ടും വീണ്ടും ടിയര്‍ ഗ്യാസ് എറിയാന്‍ ആഹ്വാനം കൊടുക്കുകയായിരുന്നു. ഒരു സമരത്തേയും ഉള്‍ക്കൊള്ളാന്‍ പിണറായി വിജയന്‍ തയാറല്ലെങ്കില്‍ പൊലീസിന്റേയും പിണറായിയുടേയും ഈ തിട്ടൂരത്തെ അംഗീകരിക്കാന്‍ ഞങ്ങളും തയാറല്ല’- ഷാഫി പറമ്പില്‍ പറഞ്ഞു.
അതേസമയം, മാര്‍ച്ചില്‍ പൊലീസ് അകാരണമായി പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കും വരെ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
