അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം തണുപ്പിക്കാന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. അഗ്‌നിപഥ് സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സായുധ പൊലീസ് സേനയില്‍ പത്തുശതമാനം സംവരണം നല്‍കും. അസം റൈഫിള്‍സിലും പത്തുശതമാനം സംവരണം നല്‍കും. പ്രായപരിധിയില്‍ ആദ്യവര്‍ഷം അഞ്ചുവര്‍ഷത്തെ ഇളവും പ്രഖ്യാപിച്ചു.
പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രി സേനാമേധാവിമാരുമായി ചര്‍ച്ച നടത്തുന്നു. അഗ്‌നിപഥ് പദ്ധതിയെക്കുറിച്ച് കേന്ദ്രയുവജനകാര്യ മന്ത്രാലയം വന്‍ പ്രചാരണം നടത്തും. അഗ്‌നിപഥ് പദ്ധതി പിന്‍വലിച്ച് പ്രധാനമന്ത്രി മാപ്പ് പറയേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രിക്ക് യുവാക്കളെ അനുസരിക്കേണ്ടിവരുമെന്നും രാഹുല്‍ ഗാന്ധി. പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പിമാര്‍ നാളെ രാവിലെ 10 മണിക്ക് ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കും. അതിനിടെ അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുകയാണ്. ബിഹാറില്‍ ട്രെയിന്‍ യാത്രക്കാരന്‍ മരിച്ചു.
ലഖിസരായില്‍ തകര്‍ത്ത ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരനാണ് മരിച്ചത്. ഇതോടെ പ്രതിഷേധങ്ങളില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. പ്രതിഷേധങ്ങള്‍ക്കിടെ ബിഹാറില്‍ റയില്‍വേ സ്റ്റേഷന്‍ കൊള്ളയടിച്ചു. ടിക്കറ്റ് കൗണ്ടറില്‍നിന്ന് മൂന്നുലക്ഷം രൂപ കവര്‍ന്നു. വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ഇന്ന് ബിഹാറില്‍ ബന്ദ് നടത്തുകയാണ്. ആര്‍.ജെ.ഡി. ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
