അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം; ബിഹാറില്‍ ഇന്ന് ബന്ദ്, അതീവ ജാഗ്രത നിര്‍ദ്ദേശം

അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറില്‍ പ്രതിപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദ് ഇന്ന്. ബിഹാര്‍ അടക്കം സംഘര്‍ഷം പടര്‍ന്ന സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം 15 ട്രെയിനുകള്‍ക്ക് തീയിട്ടു. 2 പേര് മരിച്ചു.

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കൂടി പടരുമ്പോള്‍ അതീവ ജാഗ്രതയിലാണ് സര്‍ക്കാരുകള്‍. കഴിഞ്ഞദിവസം നടന്ന പ്രതിഷേധങ്ങളില്‍ ബിഹാറില്‍ പതിനൊന്നും, തെലങ്കാനയില്‍ മൂന്നും, ഉത്തര്‍പ്രദേശില്‍ ഒന്നും അടക്കം 15 ട്രെയിനുകളാണ് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയത്.

തെലങ്കാനയില്‍ പൊലീസ് വെടിവെപ്പില്‍ ഒരാളും, ലക്കി സറായില്‍ ഒരു ട്രെയിന്‍ യാത്രക്കാരനും അടക്കം രണ്ടുപേര്‍ പ്രതിഷേധത്തിനിടെ മരിച്ചു. ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിഷേധം പടരുകയാണ്.

ഹരിയാനയില്‍ ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് പലതവണ വെടിയുതിര്‍ത്തു.

പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രമായ ബിഹാറില്‍, പ്രതിപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡിയും ബന്ദിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെയും വന്‍ തോതില്‍ അക്രമമുണ്ടായി. സംസ്ഥാനത്തെ 12 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്.

 

Exit mobile version