സിപിഐഎം പോളിറ്റ്ബ്യൂറോ അംഗങ്ങളുടെ ചുമതല ഇന്ന് നിശ്ചയിക്കും; കേന്ദ്ര കമ്മിറ്റി യോഗത്തില്‍ അഗ്‌നിപഥ് പദ്ധതി ചര്‍ച്ചയായേക്കും

സിപിഐഎം പോളിറ്റ്ബ്യൂറോ അംഗങ്ങളുടെ ചുമതല ഇന്ന് നിശ്ചയിക്കും. സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് അംഗങ്ങളുടെ ചുമതല നിശ്ചയിക്കുന്നത്. ഓണ്‍ലൈനായാണ് കമ്മിറ്റി ചേരുക. പൊളിറ്റ്ബ്യൂറോ യോഗത്തിന് ശേഷമുള്ള ആദ്യ കേന്ദ്ര കമ്മിറ്റിയാണ് ഇന്ന് നടക്കുന്നത്. അഗ്‌നിപഥ്, രാഷ്ട്രപതി തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളും കേന്ദ്ര കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും.

വലിയ പ്രതിഷേധത്തിനിടയിലും കേന്ദ്ര സര്‍ക്കാര്‍ അഗ്‌നിപഥ് പദ്ധതിയുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ വിഷയത്തെ ഏത് രീതിയില്‍ സമീപിക്കണമെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും.

അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറില്‍ പ്രതിപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദ് ഇന്നാണ്. ബിഹാര്‍ അടക്കം സംഘര്‍ഷം പടര്‍ന്ന സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 15 ട്രെയിനുകള്‍ക്കാണ് തീയിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 2 പേര് മരിച്ചു.

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കൂടി പടരുമ്പോള്‍ അതീവ ജാഗ്രതയിലാണ് സര്‍ക്കാരുകള്‍.

കഴിഞ്ഞദിവസം നടന്ന പ്രതിഷേധങ്ങളില്‍ ബീഹാറില്‍ പതിനൊന്നും, തെലുങ്കാനയില്‍ മൂന്നും, ഉത്തര്‍പ്രദേശില്‍ ഒന്നും അടക്കം 15 ട്രെയിനുകളാണ് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയത്. ഹരിയാനയില്‍ ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് പലതവണ വെടിയുതിര്‍ത്തു.

 

Exit mobile version