അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ബിഹാറില്‍ പാസഞ്ചര്‍ ട്രെയിനിന് ഉദ്യോഗാര്‍ത്ഥികള്‍ തീയിട്ടു. രണ്ട് ബോഗികള്‍ പൂര്‍ണമായും കത്തി നശിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. ജമ്മുത്താവി- ഗുഹാവത്തി എക്‌സ്പ്രസിനാണ് പ്രതിഷേധക്കാര്‍ തീയിട്ടത്. ഇതിനുപുറമേ ആര റെയില്‍വേ സ്റ്റേഷനിലും പ്രതിഷേധം നടക്കുകയാണ്.
ലഖിസറായ് സ്റ്റേഷനില്‍ വിക്രംശീല എക്‌സ്പ്രസും സമരക്കാര്‍ കത്തിച്ചു. ഉത്തര്‍ പ്രദേശിലെ ബലിയയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് നേരെയും ആക്രമണമുണ്ടായി. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഹരിയാനയിലെ ഫരീദാബാദില്‍ ഇന്റന്‍നെറ്റ്, എസ്.എം.എസ് സംവിധാനങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.
എഴ് സംസ്ഥാനങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഇന്നലെ ബിഹാറിലെ ഭാബുവയില്‍ പ്രതിഷേധക്കാര്‍ ട്രെയ്‌നിന് തീവെച്ചിരുന്നു. പാസഞ്ചര്‍ തീവണ്ടികള്‍ തടഞ്ഞു നിര്‍ത്തിയ ശേഷം യാത്രക്കാരെ വലിച്ച് പുറത്തിറക്കി ട്രയ്‌നിന് തീവെയ്ക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍. അഗ്‌നിശമന വിഭാഗവും പൊലീസുമെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഉദ്യോഗാര്‍ത്ഥികളുടെ നേതൃത്വത്തില്‍ തന്നെയാണ് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം തുടരുന്നത്. ഉത്തര്‍ പ്രദേശിലും രാജസ്ഥാനിലും യുവാക്കള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുകയാണ്. ദേശീയ പാതയില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തുന്നത്. വിവിധ ജില്ലകളില്‍ റെയില്‍, റോഡ് ഗതാഗതം ആര്‍മി ഉദ്യോഗാര്‍ത്ഥികള്‍ തടസ്സപ്പെടുത്തി. ജെഹാനാബാദ്, ബക്സര്‍, നവാഡ എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞു. അറായിലെ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.
ഹ്രസ്വകാലത്തേക്കുള്ള സൈനിക സേവന പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ച അഗ്‌നിപഥ്. പ്രതിവര്‍ഷം 45,000 പേരെ നിയമിക്കാനുള്ള പദ്ധതിക്കാണ് അംഗീകാരം. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം നിയമനങ്ങള്‍ നടത്താന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് സേനകള്‍ പദ്ധതി പ്രഖ്യാപിച്ചത്.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും സേനാ തലവന്മാരും ചേര്‍ന്നാണ് അഗ്‌നിപഥ് പ്രഖ്യാപിച്ചത്. സേനയില്‍ യുവാക്കളുടെ പങ്കാളിത്തം കൂട്ടുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്. നാല് വര്‍ഷത്തേക്കാണ് സൈനിക സേവനം. ഇതിന് ശേഷം 25 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും തുടര്‍ന്ന് മറ്റ് സൈനിക വിഭാഗങ്ങളില്‍ സേവനം ചെയ്യാനാവുക. 75 ശതമാനം ഉദ്യോഗാര്‍ത്ഥികളും പുറത്താക്കപ്പെടുമെന്ന് ആരോപിച്ചാണ് ഇപ്പോള്‍ പ്രതിഷേധം നടക്കുന്നത്.
