സിപിഐഎം ഏരിയ കമ്മറ്റി ഓഫീസില്‍ കയറി കരിങ്കൊടി ഉയര്‍ത്തി; പ്രതിഷേധ പ്രകടനം; പി കൃഷ്ണപ്പിള്ള മന്ദിരത്തിലും എസ്എഫ്ഐ കൊടിമരത്തിലും കരിങ്കൊടി ഉയര്‍ത്തി

സിപിഐഎം ഉദുമ ഏരിയ കമ്മറ്റി ഓഫീസിന് മുന്നില്‍ കരിങ്കൊടി ഉയര്‍ത്തി. ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ സിപിഐഎം ഏരിയ കമ്മറ്റി ഓഫീസായ പി കൃഷ്ണപ്പിള്ള മന്ദിരത്തിലും തൊട്ടടുത്തുള്ള എസ്എഫ്ഐ കൊടിമരത്തിലുമാണ് കരിങ്കൊടി ഉയര്‍ത്തിയത്. ബുധനാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

ഇതിനെ തുടര്‍ന്ന് സിപിഐഎം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ജില്ല കമ്മറ്റി അംഗം കെ കുഞ്ഞിരാമന്‍ യോഗം ഉദ്ഘാടനം ചെയ്തു.

കണ്ണൂരില്‍ സിപിഐഎം ഓഫീസിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. കക്കാട് സിപിഐഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഐഎം ആരോപിച്ചു.

തൃശ്ശൂരിലും സിപിഐഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെ ആക്രമണം നടന്നിരുന്നു. പുത്തൂര്‍ ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഓഫീസിന് മുന്നിലുണ്ടായിരുന്ന പി കൃഷ്ണപ്പിള്ളയുടെ പ്രതിമ തോട്ടിലേക്ക് വലിച്ചെറിഞ്ഞു. പ്രതിമ അടിച്ചു തകര്‍ത്തതിന് ശേഷമാണ് തോട്ടിലേക്കെറിഞ്ഞിരിക്കുന്നത്. സംഭവ സമയത്ത് ആരും ഓഫീസിലുണ്ടായിരുന്നില്ല. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഐഎം ആരോപിച്ചു.

മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി രാഷ്ട്രീയ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് പൂത്തൂരിലെ ഓഫീസ് ആക്രമണവും.

 

Exit mobile version