ആരോപണം ശുദ്ധ അസംബന്ധം, നിയമ നടപടി സ്വീകരിക്കും; സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി പി. ശ്രീരാമകൃഷ്ണന്‍

സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി മുന്‍ സ്പീക്കറും നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാനുമായ പി ശ്രീരാമകൃഷ്ണന്‍. സ്വപ്ന പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഷാര്‍ജ ഷെയ്ഖിന് കൈക്കൂലി നല്‍കാന്‍ മാത്രം താന്‍ വളര്‍ന്നോ എന്ന് ചോദിച്ച ശ്രീരാമകൃഷ്ണന്‍, ശൂന്യതയില്‍ നിന്ന് ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.

അന്വേഷണ ഏജന്‍സികള്‍ ഈ വിവരങ്ങളൊക്കെ നേരത്തെ വിശദമായി അന്വേഷിച്ചതാണ്. ഇതൊന്നും പുതിയ കാര്യങ്ങള്‍ അല്ലെന്നും പി. ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. സ്വപ്ന പറഞ്ഞതു പോലെ ഒരു കോളജ് ഉള്ളതായി അറിയില്ല. ഷാര്‍ജയില്‍ ഒരു കോളജും തുടങ്ങിയിട്ടില്ല, ഇതിന് ഒരു സ്ഥലവും തന്റെ പക്കലില്ല. ഷാര്‍ജ ഭരണാധികാരിക്ക് കൈക്കൂലികൊടുക്കാന്‍ മാത്രം താന്‍ വളര്‍ന്നിട്ടില്ലെന്നും യുഎഇ കോണ്‍സുല്‍ ജനറലിന്റെ നമ്പര്‍ തന്റെ കൈയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഷാര്‍ജ ഷെയ്ഖ് ആയിട്ടോ കോണ്‍സുലേറ്റ് ജനറല്‍ ആയിട്ടോ തനിക്ക് വ്യക്തിപരമായ ബന്ധമില്ല. അവരെ ആരെയും ഒറ്റയ്ക്ക് കണ്ടിട്ടില്ല. ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി ഉണ്ടാകുമോയെന്ന ചോദ്യത്തിന് കാത്തിരുന്നു കാണാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മുന്‍ മന്ത്രി കെടി ജലീല്‍, നിയമസഭാ മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.

ഷാര്‍ജാ ഭരണാധികാരിയുമായി ശ്രീരാമകൃഷ്ണന്‍ കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെടുകയും താന്‍ അത് ശരിയാക്കി കൊടുക്കുകയും ചെയ്തുവെന്നാണ് സ്വപ്നയുടെ സത്യവാങ്മൂലത്തില്‍ ആരോപിച്ചിരിക്കുന്നത്. കൂടിക്കാഴ്ചക്കിടെ ഒരു ബാഗ് നിറയെ പണം ശ്രീമകൃഷ്ണന്‍ നല്‍കിയെന്നും സ്വപ്ന ആരോപിക്കുന്നു.

 

Exit mobile version