ഡല്‍ഹി പൊലീസിന്റെ കയ്യേറ്റം: ചിദംബരത്തിന്റെ വാരിയെല്ലിന് പരിക്ക്

ഡല്‍ഹിയില്‍ ഇന്നലെ നടന്ന കോണ്‍ഗ്രസ് പ്രതിഷേധത്തിനു നേരെയുണ്ടായ പൊലീസ് നടപടിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിന് പരിക്ക്. ചിദംബരത്തിന്റെ വാരിയെല്ലിനാണ് പരിക്ക്.

ചിദംബരത്തിന്റെ ഇടതുവശത്തെ വാരിയെല്ലിനാണ് പൊട്ടലുണ്ടായതെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു- ‘മോദി സര്‍ക്കാര്‍ എല്ലാ പരിധികളും മറികടന്നു. മുന്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തെ പൊലീസ് മര്‍ദിച്ചു. കണ്ണട നിലത്ത് എറിഞ്ഞു. ഇടതുവശത്തെ വാരിയെല്ലിന് പരിക്കേറ്റു. എംപി പ്രമോദ് തിവാരിയെ പൊലീസ് റോഡിലേക്ക് തള്ളിയിട്ടു.

തലയ്ക്ക് ക്ഷതവും വാരിയെല്ലിന് ഒടിവും സംഭവിച്ചു. ഇതാണോ ജനാധിപത്യം?’ രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. ഡല്‍ഹി പൊലീസിന്റെ കയ്യേറ്റത്തിനിടെ ഇന്നലെ കെ സി വേണുഗോപാല്‍ കുഴഞ്ഞു വീണിരുന്നു.

നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നത്. ഡല്‍ഹിയിലെ ഇ.ഡി ഓഫീസിലേക്ക് നൂറുകണക്കിന് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അകമ്പടിയോടെ കാല്‍നടയായാണ് രാഹുല്‍ എത്തിയത്. രാഹുലിനൊപ്പം പ്രിയങ്കാ ഗാന്ധിയും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടും ചത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലും എത്തിയിരുന്നു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് രാഹുല്‍ ഗാന്ധിക്കെതിരായ കേസെന്നും രാഷ്ട്രീയമായി നേരിടുമെന്നും നേതാക്കള്‍ പറഞ്ഞു. ഇന്നലെ ഏഴ് മണിക്കൂറോളം രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.

Exit mobile version