കേരള പൊലീസിന്റെ സുരക്ഷ വേണ്ടെന്ന് സ്വപ്ന സുരേഷ്; സുരക്ഷ നല്‍കുന്നത് കേന്ദ്രം പരിഗണിച്ചേക്കുമെന്ന് ഇഡി

മുഖ്യമന്ത്രിയടക്കം ഭീഷണിപ്പെടുത്തിയെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയില്‍. നിയമപരമായി നല്‍കിയ രഹസ്യമൊഴിയുടെ പേരില്‍ തെരുവില്‍ വെല്ലുവിളിക്കുന്നു. ഇടനിലക്കാരനെ അയച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എം ആര്‍ അജിത് കുമാര്‍ ഏജന്റിനെ പോലെ പ്രവര്‍ത്തിച്ചെന്ന് അഭിഭാഷകന്‍ പറഞ്ഞു.

തന്നെ നിശബ്ദയാക്കാന്‍ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ വന്‍ സംഘത്തിന്റെ അന്വേഷണം നടക്കുന്നതായും സ്വപ്ന കുറ്റപ്പെടുത്തി.തനിക്ക് നിയമ സഹായം കിട്ടുന്ന വഴികളെല്ലാം അടക്കാന്‍ ശ്രമം നടക്കുകയാണ്. താമസിക്കുന്ന ഇടങ്ങളിലടക്കം പൊലീസെത്തി നിരീക്ഷിക്കുന്നുവെന്നും കേരള പൊലീസിനെ പിന്‍വലിക്കണമെന്നും സ്വപ്ന സുരേഷ് ആവശ്യപ്പെട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സ്വപ്ന ഇക്കാര്യങ്ങള്‍ അറിയിച്ചത്.

പൊലീസ് സംരക്ഷണം വേണമെന്ന ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ച സ്വപ്‌ന സുരേഷ്, പൊലീസ് സുരക്ഷയ്ക്ക് പകരം ഇഡി സുരക്ഷ ഒരുക്കണമെന്നാണ് കോടതിയില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ വ്യക്തികള്‍ക്ക് കേന്ദ്ര സുരക്ഷ നല്‍കുന്നതില്‍ പരിമതിയുണ്ടെന്നും കോടതി ഉത്തരവുണ്ടെങ്കില്‍ സുരക്ഷ നല്‍കുന്നത് കേന്ദ്രം പരിഗണിച്ചേക്കുമെന്നുമാണ് ഇഡി കോടതിയില്‍ മറുപടി നല്‍കിയത്. ഇതേതുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.

 

Exit mobile version