കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; ഇന്നു മുതല്‍ റിലേ നിരാഹാര സമരം, ശമ്പളം എല്ലാ മാസവും അഞ്ചിനു മുന്‍പ് നല്‍കണമെന്നാവശ്യം

കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) നേതാക്കള്‍ ഇന്നു മുതല്‍ റിലേ നിരാഹാര സമരം ആരംഭിക്കും. ശമ്പളം എല്ലാ മാസവും അഞ്ചിനു മുന്‍പ് നല്‍കണമെന്നാവശ്യപ്പെട്ടാണ് സംഘടന സമരം നടത്തുക. ആറിന് തുടങ്ങിയ രാപ്പകല്‍ സത്യഗ്രഹത്തിന്റെ രണ്ടാംഘട്ടമായാണ് നിരാഹാര സമരമെന്ന് ടിഡിഎഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി അറിയിച്ചു.

എന്‍ കെ പ്രേമചന്ദ്രന്‍ എംപിയാണ് റിലേ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുന്നത്. സംഘടനാ ജനറല്‍ സെക്രട്ടറിമാരായ ആര്‍ ശശിധരനും ടി സോണിയുമാണ് നിരാഹാര സമരം ആരംഭിക്കുന്നത്. കഴിഞ്ഞ മാസത്തെ ശമ്പള വിതരണത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

അതേസമയം ധനവകുപ്പ് വീണ്ടും കെഎസ്ആര്‍ടിസിക്ക് സഹായം നല്‍കി. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കിയ വകയില്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് തിരികെ നല്‍കേണ്ട തുകയായ 145.17 കോടി രൂപയാണ് അനുവദിച്ചത്. ശമ്പളം നല്‍കാന്‍ 30 കോടി നേരത്തെ അനുവദിച്ചിരുന്നു. 35 കോടി രൂപ വേണമെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ ആവശ്യം.

കൂടാതെ ഇന്നലെ മുതല്‍ ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും കെഎസ്ആര്‍ടിസി അധിക സര്‍വീസ് ആരംഭിച്ചു. ഷെഡ്യൂള്‍ അനുസരിച്ച് 20 ശതമാനം വരെ അധിക സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. സ്റ്റേഷനുകളില്‍ നിന്നുള്ള ആവശ്യപ്രകാരം ഡിപ്പോകളില്‍ അധിക ഷെഡ്യൂളുകള്‍ നല്‍കും. ആദ്യഘട്ടത്തില്‍ ദേശീയപാതകളിലും എംസി റോഡിലുമാണ് അധിക സര്‍വീസ് ആരംഭിക്കുക.

ഞായറാഴ്ചകളില്‍ ഫാസ്റ്റ് പാസഞ്ചറുകള്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ ഇവ പുനഃരാരംഭിക്കുന്നതിന് കൂടാതെയാണ് അധിക സര്‍വീസ് അനുവദിച്ചിരിക്കുന്നത്. ഫാസ്റ്റ് പാസഞ്ചറുകളുടെ ട്രിപ്പുകള്‍ സിംഗിള്‍ ഡ്യൂട്ടിയായി ക്രമീകരിച്ചിട്ടുണ്ട്.

 

Exit mobile version