സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ പ്രതിരോധം ശക്തമാക്കാനൊരുങ്ങി എല്‍ഡിഎഫ്; പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെ ജനകീയ ക്യാമ്പയിന്‍ നടത്താന്‍ നീക്കം, നാളെ ഇടത് മുന്നണി യോഗം

സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ പ്രതിരോധം ശക്തമാക്കാനൊരുങ്ങി എല്‍ഡിഎഫ്. പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെ ജനകീയ ക്യാമ്പയിന്‍ നടത്താനാണ് നീക്കം. നാളെ നടക്കുന്ന ഇടതു മുന്നണി യോഗത്തില്‍ അന്തിമ തീരുമാനമാകും. സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും യോഗം ചേരും. ഈ മാസം 24 മുതല്‍ 26 വരെയാണ് നേതൃയോഗങ്ങള്‍ ചേരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തിയത്. കോഴിക്കോട്ടേക്കും മലപ്പുറത്തേക്കുമുള്ള യാത്ര മധ്യേ മുഖ്യമന്ത്രി വ്യാപകമായ കരിങ്കൊടി പ്രതിഷേധമാണ് നേരിട്ടത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയതോടെ മുഖ്യമന്ത്രിയുടെ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ് പൊലീസ്. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാന്‍ തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ഇന്ന് കണ്ണൂരിലെ പൊതു പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.

ഇതിന്റെ പശ്ചാതലത്തില്‍ കണ്ണൂരില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തളിപ്പറമ്പ് മുതല്‍ പൊക്കുണ്ട് വരെയാണ് ഗതാഗത നിയന്ത്രണം. ഇതുവഴി വരുന്ന വാഹനങ്ങളെ വഴിതിരിച്ചു വിടുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. രാവിലെ ഒമ്പതു മുതല്‍ 12 വരെയാണ് ഗതാഗത നിയന്ത്രണമുണ്ടായിരിക്കുക.

 

Exit mobile version