ബഫര്‍ സോണ്‍ ഉത്തരവ്: വയനാട്ടില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍, ഇടുക്കി രൂപതയും സമരത്തിന് ആഹ്വാനം നല്‍കി

ബഫര്‍ സോണ്‍ പ്രഖ്യാപനത്തിനെതിരെ വയനാട്ടില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി രൂപതയും സമരത്തിന് ആഹ്വാനം നല്‍കി. വനത്തോട് ചേര്‍ന്ന ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച സുപ്രിംകോടതി വിധി ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം.

ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ വിഷയത്തില്‍ പ്രത്യക്ഷ സമരം നടത്തിയ ഇടുക്കി രൂപത ബഫര്‍ സോണ്‍ വിഷയത്തിലും നിലപാട് കടുപ്പിക്കുകയാണ്. വനാതിര്‍ത്തിയോട് ചേര്‍ന്ന് ജനവാസ മേഖലകള്‍ കൂടുതലായുള്ള ഇടുക്കിയില്‍ സുപ്രിംകോടതി ഉത്തരവ് ജനജീവിതത്തെ പൂര്‍ണമായി ബാധിക്കുമെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുണ്ടാകണമെന്നും ഇടുക്കി രൂപതാ ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ആവശ്യപ്പെട്ടു.

കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരജ്വാലയും തെളിച്ച് സമര പ്രഖ്യാപനവും നടത്തി. എല്‍.ഡി.എഫിനും യു.ഡി.എഫിനും പിന്നാലെ ഇടുക്കി രൂപതയും സമരമുഖത്തെത്തിയതോടെ ജില്ല വീണ്ടും സമര ഭൂമിയായി മാറുകയാണ്.

 

Exit mobile version