ഷാജ് കിരണും ഇബ്രാഹീമും കേരളം വിട്ടു; തമിഴ്‌നാട്ടില്‍ ഉണ്ട്, സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വീഡിയോ തന്റെ കയ്യിലുണ്ട്, അത് വീണ്ടെടുക്കാനാണ് തമിഴ്‌നാട്ടിലേക്കാണ് പോയതെന്ന് ഇബ്രാഹിം

ഷാജ് കിരണും ഇബ്രാഹീമും കേരളം വിട്ടു. തങ്ങള്‍ തമിഴ്‌നാട്ടില്‍ ഉണ്ടെന്ന് ഇബ്രാഹിം പറഞ്ഞു. സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വീഡിയോ തന്റെ കയ്യിലുണ്ട്. അത് വീണ്ടെടുക്കാനാണ് തമിഴ്‌നാട്ടിലേക്കാണ് പോയത്. നാളെ തന്നെ തിരിച്ചെത്തുമെന്നും ഇബ്രാഹിം പറഞ്ഞു.

ഗൂഢാലോചനാ കേസില്‍ ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും പ്രതിചേര്‍ത്തേക്കുമെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. അന്വേഷണ സംഘം നിയമ പരിശോധന ആരംഭിച്ചു. ഇരുവര്‍ക്കും സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നീക്കം.

ഷാജ് കിരണുമായി വര്‍ഷങ്ങളായുള്ള ബന്ധമാണെന്നും നിവൃത്തിയില്ലാതെയാണ് ഷാജിന്റെ സംഭാഷണം റെക്കോര്‍ഡ് ചെയ്തതെന്നും ശബ്ദരേഖ പുറത്തു വിടുന്നതിനു മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്വപ്ന പറഞ്ഞു. ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തയതായും സ്വപ്ന ആരോപിച്ചു. ആരോടാണ് കളിച്ചത് എന്നറിയാമല്ലോയെന്ന് ഷാജ് കിരണ്‍ ചോദിച്ചു. അഡ്വ. കൃഷ്ണരാജാണ് തന്റെ രക്ഷകനെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.

അതേസമയം അഭിഭാഷകനും, എച്ച്.ആര്‍.ഡി.എസും പറഞ്ഞത് പ്രകാരമാണ് രഹസ്യമൊഴി നല്‍കിയതെന്ന് സ്വപ്ന പറഞ്ഞിട്ടുണ്ടെന്ന് ഷാജ് കിരണ്‍ പറഞ്ഞിരുന്നു.

ഷാജ് കിരണ്‍ എന്നയാള്‍ പാലക്കാടെത്തി തന്നെ കണ്ട് രഹസ്യമൊഴി പിന്‍വലിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു സ്വപ്ന ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും സമ്മര്‍ദം കൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയതെന്ന് വീഡിയോയില്‍ ചിത്രീകരിച്ച് നല്‍കണമെന്ന് ഷാജ് കിരണ്‍ ആവശ്യപ്പെട്ടതായും സ്വപ്ന പറഞ്ഞിരുന്നു.

വീഡിയോ മുഖ്യമന്ത്രിക്ക് കൈമാറാനുള്ളതാണെന്നും അറിയിച്ചെന്നും സ്വപ്ന സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഇതിനു തൊട്ടുപിന്നാലെ സ്വപ്നയുടെ ആരോപണം നിഷേധിച്ച് ഷാജ് കിരണ്‍ രംഗത്തെത്തി.

 

Exit mobile version