സമ്പത്ത് കൊണ്ട് ധനികന്‍, റേഷന്‍ കാര്‍ഡില്‍ ദരിദ്രന്‍; പത്ത് ലക്ഷം പിഴയിട്ട് സിവില്‍ സപ്ലൈസ് വകുപ്പ്; കാര്‍ഡുകള്‍ പിടിച്ചെടുത്ത് പൊതു വിഭാഗത്തിലേക്ക് മാറ്റിയതായും ജില്ലാ സപ്ലൈ ഓഫീസര്‍

അനര്‍ഹര്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് നടപടിയുമായി സിവില്‍ സപ്ലൈസ് വകുപ്പ്. ഇരുനില വീടും കാറുമുള്ളവര്‍ റേഷന്‍ കാര്‍ഡിലെ ദരിദ്രര്‍ ചമയുന്നത് കണ്ടെത്തിയാല്‍ പത്ത് ലക്ഷം രൂപ പിഴ ഈടാക്കാനും ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപടി ആരംഭിച്ചു.

ജില്ലയിലെ വിവിധ താലൂക്കുകളില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പിലെ സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് അനര്‍ഹര്‍ കൈവശം വെച്ചിരിക്കുന്ന കാര്‍ഡുകള്‍ കണ്ടെത്തിയത്. 177 വീടുകളിലാണ് പരിശോധന നടത്തിയതെന്നും ഇത്തരം കാര്‍ഡുകള്‍ പിടിച്ചെടുത്ത് പൊതു വിഭാഗത്തിലേക്ക് മാറ്റിയതായും ജില്ലാ സപ്ലൈ ഓഫീസര്‍ പിആര്‍ ജയചന്ദ്രന്‍ വ്യക്തമാക്കി.

500 മുതല്‍ 2500 സ്‌ക്വയര്‍ ഫീറ്റ് വീട്, ആഡംബര കാറുകള്‍, വിദേശത്ത് ജോലി, പൊതുമേഖലാ സ്ഥാപനത്തിലെ ജോലിക്കാര്‍ എന്നിവര്‍ അനര്‍ഹമായി കാര്‍ഡ് കൈവശം വച്ചവരിലുണ്ട്. ഇവരില്‍ നിന്ന് പത്ത് ലക്ഷത്തോളം രൂപ പിഴയിനത്തില്‍ സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള നോട്ടീസും നല്‍കിയിട്ടുണ്ട്.അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന കാര്‍ഡുകള്‍ സ്വമേധയാ സമര്‍പ്പിക്കാന്‍ 2021 ജൂണ്‍വരെ മുമ്പ് സമയപരിധി അനുവദിച്ചിരുന്നു.

ഇത്തരത്തില്‍ 10,395 പേരാണ് ജില്ലയില്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്തത്. അനര്‍ഹമായി ഉപയോഗിച്ചുവരുന്ന മുഴുവന്‍ കാര്‍ഡുകളും പിടിച്ചെടുത്ത് അര്‍ഹതയുള്ളവര്‍ക്ക് നല്‍കുന്നതിനുവേണ്ടിയുള്ള നടപടി സ്വീകരിക്കുമെന്ന് ഡിഎസ്ഒ അറിയിച്ചു.

അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ വിഹിതത്തിന്റെ മാര്‍ക്കറ്റ് വില പ്രകാരമാണ് പിഴ ഈടാക്കിയത്. കൈപറ്റിയ അരി കിലോഗ്രാമിന് 40 രൂപ വീതവും, ഗോതമ്പിന് 28 രൂപ വീതവും, പഞ്ചസാര കിലോയ്ക്ക് 35 രൂപ വീതവുമാണ് ഈടാക്കുന്നത്. ആട്ട കിലോയ്ക്ക് 36 രൂപ വീതവും, മണ്ണെണ്ണ ലിറ്ററിന് 65 രൂപ വീതവും പിഴയീടാക്കും. താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ എ വി സുധീര്‍കുമാര്‍, സെമണ്‍ ജോസ്, കെ പി ഷഫീര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

 

Exit mobile version