കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ച് ചണ്ഡീഗഢിലെ സെൻട്രൽ ഫോറൻസിക് ലാബ്. ഓടുന്ന വാഹനത്തിലാണ് നടി ആക്രമിക്കപ്പെട്ടതെന്നും ദൃശ്യങ്ങൾ നിർത്തിയിട്ട വാഹനത്തിലേതാണെന്നുമായിരുന്നു ദിലീപിന്റെ പ്രധാനവാദം. വീഡിയോയിൽ കൃത്രിമം ഉണ്ടെന്നും വീഡിയോയിലെ സ്ത്രീ ശബ്ദം നടിയുടേതല്ലെന്നുമായിരുന്നു മറ്റൊരു വാദം. ഇതൊന്നും ഫോറൻസിക് റിപ്പോർട്ട് ശരിവയ്ക്കുന്നില്ലെന്നാണ് സൂചന.
മറ്റു തെളിവുകളും കൂട്ടി യോജിപ്പിച്ച് നടിയുടെ ക്രോസ് വിസ്താരം വൈകാതെ നടത്താനാണു ദിലീപിന്റെ അഭിഭാഷകന്റെ തീരുമാനം. ഇരയുടെ വിസ്താരത്തീയതി വിചാരണക്കോടതി ഇന്നു തീരുമാനിക്കും. ക്രോസ് വിസ്താരത്തിനു നടിക്കു പ്രത്യേകം സമൻസ് അയയ്ക്കും. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കാളികളായവരുടെ വിസ്താരമാണ് ഇപ്പോൾ നടക്കുന്നത്.
എട്ടു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യം ഫോറൻസിക് വിദഗ്ധന്റെ സാന്നിധ്യത്തിൽ പരിശോധിച്ചശേഷമാണു ലാബിനു കൈമാറേണ്ട ചോദ്യാവലി ദിലീപിന്റെ അഭിഭാഷകർ തയാറാക്കിയത്. ആക്രമണദൃശ്യങ്ങളിൽ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്നതു സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി ഉൾപ്പെടെയുള്ള സ്വതന്ത്ര ഏജൻസികളെ കൊണ്ടു പരിശോധിപ്പിക്കാൻ സുപ്രീം കോടതി നേരത്തെ ദിലീപിന് അനുമതി നൽകിയിരുന്നു. അഡ്വക്കേറ്റ് രാമൻപിള്ളയാണ് കേസിൽ ദിലീപിന്റെ അഭിഭാഷകൻ.
ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്ന വാദം ശക്തമായി ഉയർത്താനാണ് ദിലീപിന്റെനീക്കമെന്നാണ് സൂചനകൾ. പൾസർ സുനി മാത്രമാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. അതിന് പിന്നിൽ സാമ്പത്തിക മോഹമാണെന്നും ദിലീപ് കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. കേസിൽ നടിയും ദിലീപിന്റെ മുൻഭാര്യയുമായ മഞ്ജു വാര്യരെ കോടതി ഉടൻ വിസ്തരിക്കും. മഞ്ജുവിന്റെ മൊഴി കേസിൽ നിർണായകമാകുമെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തൽ. ആറു മാസം കൊണ്ട് കേസിൽ വിചാരണ പൂർത്തിയാക്കണമെന്ന നിർദ്ദേശം സുപ്രീംകോടതിയിൽ നിന്ന് വിചാരണ കോടതിക്ക് ലഭിച്ചിരുന്നു. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പരാമർശം ഹർജിയിൽ ഉള്ളതിനാലാണ് നടപടി. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേൾക്കുന്നത്.
കേസ് വനിതാ ജഡ്ജിനു കൈമാറണമെന്ന, അതിക്രമത്തിന് ഇരയായ യുവനടിയുടെ അഭ്യർത്ഥന അനുവദിച്ചാണു വനിതാ ജഡ്ജി ഹണി എം.വർഗീസിനു ഹൈക്കോടതി കേസ് കൈമാറിയത്. തന്നെ കേസിൽ കുടുക്കിയതാണെന്നും സത്യം തെളിയിക്കാൻ കേസ് അന്വേഷണം സിബിഐയെ ഏൽപിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് സംസ്ഥാന അഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചിരുന്നു. തന്നെ കേസിൽ കുടുക്കിയതാണെന്നു കത്തിൽ ദിലീപ് ആരോപിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തെ പാടെ മാറ്റി നിർത്തി അന്വേഷിച്ചാൽ യഥാർത്ഥ പ്രതികൾ കുടുങ്ങുമെന്ന് കത്തിൽ വിശദീകരിക്കുയും ചെയ്തു. ഇതിന് ശേഷമാണ് അന്വേഷണം പൊലീസ് പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.
നടിയെ ആക്രമിച്ച ഗൂഢാലോചനയിൽ തന്നെ കുടുക്കിയതെന്നാണ് ദിലീപ് ഹൈക്കോടതിയിലും മറ്റും വാദിക്കാൻ ശ്രമിച്ചത്. പൾസർ സുനിയുടെ ബ്ലാക് മെയിൽ പൊലീസിനെ നേരത്തെ അറിയിച്ചിട്ടും കേസിൽ പ്രതിയായത് താൻ മാത്രമാണനുമാണ് ദിലീപിന്റെ വാദം. ഇതിനെല്ലാം പിന്നിൽ പൊലീസിലെ ഉന്നതയാണെന്നും ആരോപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് പൾസർ സുനി തന്നെ ബ്ലാക്ക് മെയിൽ ചെയ്ത കാര്യം ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നു. ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്ന കാര്യം താനാണ് പൊലീസിനെ അങ്ങോട്ട് അറിയിച്ചത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ തന്നെ അറസ്റ്റ് ചെയ്തത് ആസൂത്രിത നീക്കത്തിന്റെ ഫലമെന്ന് ദിലീപ് ആരോപിക്കുന്നു.
മഞ്ജുവാര്യരുമായി അടുത്ത ബന്ധമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥ ഗൂഡാലോചന നടത്തിയതായി ദിലീപ് ആരോപിച്ചിരുന്നു. എന്തായാലും ദിലീപ് നേരിട്ട് പങ്കെടുക്കാത്ത കേസിൽ വിധി എന്താകുമെന്നാണ് കേരളം കാത്തിരിക്കുന്നത്.