സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; സ്വപ്നയുടെ ആരോപണം ചര്‍ച്ചയായേക്കും

ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന്റെ പേരിലുള്ള വിവാദങ്ങളും തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിലെ തോല്‍വിയും ചര്‍ച്ചയായേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ 2016ല്‍ നടത്തിയ വിദേശ സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്ന ആരോപണമാണ് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയത്.

മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്നിവര്‍ക്കെതിരെയാണ് സ്വപ്ന ഗുരുതര ആരോപണം ഉന്നയിക്കുന്നത്. കള്ളപ്പണക്കേസില്‍ രഹസ്യമൊഴി നല്‍കിയ ശേഷമാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍.

സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുന്‍മന്ത്രി കെ.ടി. ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ കേസെടുത്തതിനെ തുടര്‍ന്ന് സ്വപ്ന നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

ഉപതെരഞ്ഞെടുപ്പിലെ തോല്‍വി ഗൗരവത്തോടെ പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി വ്യക്തമാക്കിയിരുന്നു. ബൂത്ത് തലം മുതല്‍ മണ്ഡലം കമ്മിറ്റി നല്‍കിയ ഫലവും യഥാര്‍ത്ഥ ഫലവും തമ്മിലുള്ള താരതമ്യത്തില്‍ വ്യത്യാസം വലുതാണ്. 2500 വോട്ടിന് ജയിക്കാനോ തോല്‍ക്കാനോ സാധ്യതയുണ്ടെന്ന് സിപിഐഎം ആഭ്യന്തരമായി വിലയിരുത്തിയ ഇടത്താണ് 25,000 വോട്ടിന്റെ വന്‍ തോല്‍വി എല്‍ഡിഎഫ് നേരിട്ടത്. 2021നെ അപേക്ഷിച്ച് ബൂത്തുകളുടെ എണ്ണത്തിലെ ലീഡ് ഈ തെരഞ്ഞെടുപ്പില്‍ മൂന്നിലൊന്നായി കുറഞ്ഞതും തിരിച്ചടിയുടെ ആഘാതം കൂട്ടുന്നു.

 

Exit mobile version