ഒരു ഭയവുമില്ല, സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളില്‍ തനിക്ക് ഒന്നും ഒളിക്കാനില്ല, കേന്ദ്ര ഏജന്‍സികളെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു: കെ.ടി ജലീല്‍

സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളില്‍ തനിക്ക് ഒന്നും ഒളിക്കാനില്ലെന്ന് കെ.ടി ജലീല്‍. സ്വര്‍ണം എങ്ങോട്ടു പോയി, ആര്‍ക്കാണ് കൊണ്ടുവന്നത് എന്നതൊന്നും കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. മാന്യമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരെ ചളിവാരിയെറിയുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്. തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു ഭയവുമില്ല. 16 വര്‍ഷത്തെ തന്റെ ധനവിനിയോഗം അടക്കമുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കാം. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു ഭയവുമില്ലെന്നും ജലീല്‍ പറഞ്ഞു.

പി.സി ജോര്‍ജും സ്വപ്നയും നട്ടാല്‍ കുരുക്കാത്ത നുണയാണ് പറയുന്നത്. താനൊരു പ്രാക്ടീസിങ് മുസ്ലിമാണ്. മതാനുഷ്ഠാനങ്ങള്‍ അനുസരിച്ച് ജീവിക്കുന്നയാളാണ്. അതില്‍നിന്ന് മാറിയൊരു സര്‍ട്ടിഫിക്കറ്റ് വേണ്ട. എസ്ഡിപിഐയെ രൂപീകരണകാലം മുതല്‍ എതിര്‍ക്കുന്നു എന്നതില്‍ അഭിമാനിക്കുന്ന ആളാണ് താനെന്നും ജലീല്‍ പറഞ്ഞു.

യുപി രജിസ്ട്രേഷന്‍ കാറില്‍ ഒരാള്‍ വന്ന് ഭീഷണിപ്പെടുത്തിയെന്ന് സ്വര്‍ണക്കടത്ത് കേസ് പറയുന്നത്. അതും അന്വേഷിക്കണം. ആയിരം കൊല്ലം അന്വേഷിച്ചാലും താന്‍ അനധികൃതമായി ഒരു രൂപ സമ്പാദിച്ചെന്ന് കണ്ടെത്താനാവില്ല. 30 കൊല്ലത്തെ തന്റെ അക്കൗണ്ട് പരിശോധിച്ചു. തന്റെ കണക്ക് കണ്ട് ഇ.ഡി തന്നെ ഞെട്ടി. മലപ്പുറത്ത് നിന്നുള്ള ഒരു കാക്ക ആയതുകൊണ്ട് എന്തെങ്കിലും കിട്ടുമെന്ന് ഇ.ഡി കരുതി. എന്നാല്‍ ഒന്നും കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ബിരിയാണി കഴിക്കുന്നത് താന്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന് അതില്‍ താല്‍പര്യവുമില്ല. ജലീലിന്റെ വീട്ടിലേക്ക് ബിരിയാണിച്ചെമ്പ് കൊണ്ടുവന്നുവെന്ന് പറഞ്ഞിരുന്നെങ്കില്‍ കുറച്ചെങ്കിലും വിശ്വസിക്കാമായിരുന്നു. തനിക്ക് ബിരിയാണി ഇഷ്ടമാണ്. സ്വപ്ന സുരേഷിന്റെ അക്കൗണ്ട് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Exit mobile version