നുപുര്‍ ശര്‍മയ്ക്ക് ഭീഷണി; സുരക്ഷയൊരുക്കി പൊലീസ്

ഡല്‍ഹി: ബി.ജെ.പി മുന്‍വക്താവ് നൂപുര്‍ ശര്‍മയ്ക്ക് ഡല്‍ഹി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പ്രവാചക നിന്ദ നടത്തിയ നൂപുര്‍ ശര്‍മ ഭീഷണി സന്ദേശം ലഭിച്ചെന്ന് പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഡല്‍ഹി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്.

ചാനല്‍ ചര്‍ച്ചക്കിടെ പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് വധ ഭീഷണിയുണ്ടെന്ന് നൂപുര്‍ ശര്‍മ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് അന്വേഷണത്തില്‍ സഹായം തേടി ട്വിറ്ററിന് നോട്ടീസ് അയച്ചു.

ഗ്യാന്‍വാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചര്‍ച്ചയിലാണ് നുപുര്‍ വിവാദ പരാമര്‍ശം നടത്തിയത്. ഇസ്ലാമിക മതഗ്രന്ഥങ്ങളില്‍ നിന്നുള്ള ചില കാര്യങ്ങള്‍ ആളുകള്‍ പരിഹാസ പാത്രമാണെന്ന് നുപുര്‍ പറഞ്ഞു. മുസ്ലീങ്ങള്‍ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളില്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ‘ശിവലിംഗം’ ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്നാണ് അവര്‍ പറയുന്നതെന്നും നുപുര്‍ ആരോപിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവര്‍ക്കെതിരെ നേരത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

പുനെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലറും എന്‍സിപി പ്രാദേശിക നേതാവുമായ അബ്ദുള്‍ ഗഫൂര്‍ പത്താന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.153 എ, 153 ബി, 295 എ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ സമാനമായ ഒരു കേസ് മുംബൈ പൊലീസും രജിസ്റ്റര്‍ ചെയ്തിരുന്നു.

നൂപുര്‍ ശര്‍മ ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പ്രവാചകനിന്ദയ്‌ക്കെതിരെ അന്തര്‍ ദേശീയതലത്തില്‍ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. നൂപുര്‍ ശര്‍മയെയും മറ്റൊരു വക്താവ് നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്തു. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നൂപുര്‍ ശര്‍മയ്ക്ക് നോട്ടീസ് നല്‍കുമെന്ന് മുംബൈ പൊലീസ് അറിയിച്ചു.

Exit mobile version