ബീഹാറില്‍ കൂട്ട ആത്മഹത്യ; അഞ്ചംഗ കുടുബം കടക്കെണിയിലായിരുന്നുവെന്ന് പൊലീസ്

ബീഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ചയാണ് വിദ്യാപതിനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മൗ ഗ്രാമത്തില്‍ ദാരുണമായ സംഭവമുണ്ടായത്. മരിച്ചവരുടെ കുടുംബം വലിയ കടക്കെണിയില്‍പ്പെട്ടതായാണ് വിവരം. ഇതാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

മനോജ് കുമാര്‍ ഝാ (35), സുന്ദര്‍മണി (25), സീതാദേവി (65), മക്കളായ ശിവം (6), സത്യം (5) എന്നിവരാണ് വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. കൊലപാതകം, ആത്മഹത്യ എന്നീ രണ്ട് സാധ്യതകള്‍ പരിശോധിച്ച് വരുന്നതിനിടയിലാണ് കുടുംബം കടക്കെണിയില്‍പ്പെട്ടെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്. എന്നാല്‍ മരണ കാരണം ഇതാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. അഞ്ച് പേരുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരാനുണ്ട്.

അതേസമയം സമസ്തിപൂരിലെ കൂട്ട ആത്മഹത്യയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും കേന്ദ്ര സര്‍ക്കാരിനെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ് രംഗത്തെത്തി.

ഒരു കുടുംബത്തിലെ അഞ്ച് പേരുടെ മരണകാരണം ദാരിദ്ര്യവും കടക്കെണിയും തൊഴിലില്ലായ്മയുമാണ്. സംഭവം ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണ്. സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും മുഖത്തേറ്റ അടിയാണ് ഇതെന്നും തേജസ്വി യാദവ് കുറ്റപ്പെടുത്തി.

 

Exit mobile version