സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പാക്കാന്‍ അടിയന്തര ഇടപെടലുമായി സര്‍ക്കാര്‍. സ്‌കൂള്‍ തലത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും നേരിട്ടെത്തി കാര്യങ്ങള്‍ വിലയിരുത്തുകയാണ്. ആരോഗ്യ- വിദ്യാഭ്യാസ- ഭക്ഷ്യവകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള പരിശോധന തുടങ്ങി.
സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ ഭക്ഷ്യവിഷബാധ ഉണ്ടായ പശ്ചാത്തലത്തിലാണ് പരിശോധനകള്‍ ശക്തമാക്കുന്നത്. ഇന്നും നാളെയുമായി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പരിശോധനകള്‍ നടക്കും. പാചകപ്പുര, ഉച്ച ഭക്ഷണ സാമഗ്രികള്‍, പാത്രങ്ങള്‍, വാട്ടര്‍ടാങ്ക്, ശുചിമുറികള്‍ തുടങ്ങിയവയുടെ സ്ഥിതി വിലയിരുത്തും.
ജനപ്രതിനിധികളും വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ഉച്ചഭക്ഷണ സമയം കുട്ടികള്‍ക്കൊപ്പം ചെലവഴിക്കും. പാചക തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. മുഴുവന്‍ സ്‌കൂളുകളിലെയും കുടിവെള്ള പരിശോധന ജലവിഭവ വകുപ്പുമായി ചേര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും.
ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ എല്ലാ സ്‌കൂളുകളിലെയും അരിയുടെ ഗുണനിലവാരം ഉറപ്പു വരുത്തും. കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നമുണ്ടായത് അരിയിലൂടെയാണെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ സ്‌കൂളുകളില്‍ ഇന്ന് ഭക്ഷ്യമന്ത്രിയും തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രിയും നേരിട്ടെത്തും. പകര്‍ച്ച വ്യാധികള്‍ വ്യാപിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് വെള്ളിയാഴ്ചകളില്‍ ഡ്രൈ ഡേ ആയി ആചരിക്കാനും തീരുമാനമായി.
