കുമരകം: ഇന്നലെ അർദ്ധരാത്രിയിൽ വീടിനുനേരേ കല്ലെറിയുകയും പിന്നീട് പത്രം ഏജൻസി ഓഫീസായി പ്രവർത്തിക്കുന്ന സ്റ്റേഷനറി കടയ്ക്ക് നേരെ അക്രമം നടത്തിയതായും പരാതി. തിരുവാർപ്പ് കൊച്ചുപാലത്തിനു സമീപം പ്രവർത്തിക്കുന്ന ഫിലിപ്പ് സ്റ്റോഴ്സിലും ഉടമ മുക്കാഞ്ഞിരം ഫിലിപ്പിന്റെ വീടിനുനേരേയുമാണു കയ്യേറ്റം നടന്നത്. ഇന്നലെ രാത്രി എട്ടിന് സമീപത്തെ കട ഉടമയായ അരുണ്‍ കടയിലെത്തി അസഭ്യം പറഞ്ഞു.
രാത്രി ഒന്‍പതിന് കട അടച്ചതിനുശേഷം വീട്ടിലെത്തിയ തന്നേയും കുടുംബാംഗങ്ങളേയും വീണ്ടും വെല്ലുവിളിക്കുകയും വീടിനുനേരെ കല്ലെറിയുകയും ചെയ്തതായി ഫിലിപ്പ് കുമരകം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇന്നു പുലർച്ചെ പത്രവിതരണത്തിനായി എത്തിയപ്പോഴാണ് തന്റെ സ്ഥാപനത്തിലെ ഉപകരണങ്ങളും മറ്റു സാധനങ്ങളും തകർത്തതായി കണ്ടത്.
ഒന്നര മാസം മുന്‍പ് അരുണ്‍ മറ്റൊരാളുമായി വഴക്കുണ്ടാക്കിയപ്പോൾ മധ്യസ്ഥനായതു മുതൽ തുടങ്ങിയതാണു തന്നോടുള്ള വൈരാഗ്യമെന്നാണ് ഫിലിപ്പ് പോലീസിനു നൽകിയ മൊഴിയിൽ പറയുന്നത്.