തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനെ വിലയിരുത്തലല്ല, ട്വന്റി- ട്വന്റി, ബിജെപി വോട്ടുകള്‍ യുഡിഎഫിനൊപ്പം നിന്നു; സില്‍വര്‍ ലൈന്‍ പദ്ധതിയോടുള്ള ഒരു ഹിത പരിശോധനാ ഫലമായി പരാജയത്തെ കാണാനാവില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ഇടതു സര്‍ക്കാരിനെതിരായ ജനവികാരമാണെന്ന വിലയിരുത്തല്‍ ശരിയല്ലെന്നും കോടിയേരി വ്യക്തമാക്കി. തൃക്കാക്കര യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നാണ്. തെരഞ്ഞെടുപ്പില്‍ വിജയ പരാജയങ്ങള്‍ സ്വാഭാവികം.

ഒരു തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ എല്ലാം പോയി എന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 19 സീറ്റില്‍ തോറ്റെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകളില്‍ ജയിച്ചുവെന്നും കോടിയേരി ചൂണ്ടിക്കാണിച്ചു.

‘എല്‍എഡിഎഫ് തകര്‍ന്നുപോയി എന്ന വിലയിരുത്തലിന് സാധ്യതയില്ല. എല്‍ഡിഎഫിന് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ വോട്ടുകള്‍ ഇത്തവണ ലഭിച്ചിട്ടുണ്ട്. ബിജെപി പാളയത്തിലുണ്ടായ വോട്ടു ചോര്‍ച്ചയും ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നതും യുഡിഎഫിന് ഗുണകരമായിട്ടുണ്ട്.’ കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ എല്‍ഡിഎഫിന് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനവുമായി ചേര്‍ന്നു നില്‍ക്കുന്ന തരത്തില്‍ വോട്ട് വര്‍ധനവ് ഉണ്ടായിട്ടില്ല. പാര്‍ട്ടി ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കും. ജാഗ്രതയോടെ പ്രവര്‍ത്തിക്കാനുള്ള മുന്നറിയിപ്പായിട്ടാണ് പാര്‍ട്ടി ഇതിനെ കാണുന്നത്. ബൂത്ത് തലം മുതല്‍ ഇക്കാര്യത്തില്‍ പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

അതേസമയം കെ റെയില്‍ പദ്ധതി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പ്രതികൂല സാഹചര്യമുണ്ടാക്കിയെന്ന് വിലയിരുത്തല്‍ കോടിയേരി തള്ളി. സില്‍വല്‍ ലൈനുമായി ബന്ധപ്പെട്ട പ്രശ്നം മുന്‍നിര്‍ത്തിയുണ്ടായ തെരഞ്ഞെടുപ്പ് അല്ല ഇത്. സില്‍വര്‍ ലൈന്‍ പദ്ധതിയോടുള്ള ഒരു ഹിത പരിശോധനാ ഫലമായി പരാജയത്തെ കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Exit mobile version